ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രഭാഷണം ജൂണ്‍ 22ന്
Monday, June 20, 2016 6:27 AM IST
ദുബായി: ദുബായി അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം ഇരുപതാമത് സെഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണ പരിപാടിയില്‍ ദുബായി കെഎംസിസിയെ പ്രതിനിധീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നു ദുബായി കെഎംസിസി പ്രസിഡന്റ്് പി.കെ. അന്‍വര്‍ നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും വ്യക്തമാക്കി.

ജൂണ്‍ 22നു (ബുധന്‍) രാത്രി 10നു ഖിസൈസ് ഇന്ത്യന്‍ അക്കാഡമി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ യുവപ്രഭാഷകനും ഗവേഷകനുമായ റാഷിദ് ഗസാലി 'ഖുര്‍ആന്‍ മാനവികതയുടെ സന്ദേശം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും ദുബായി കെഎംസിസിയും ഹോളിഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ ഓരോ വര്‍ഷവും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. കേരളത്തില്‍നിന്നുള്ള ശ്രദ്ധേയരായ പണ്ഡിതരെയും പ്രഭാഷകന്മാരെയുമാണ് ദുബായി കെഎംസിസി ഓരോ റംസാന്‍ പ്രഭാഷണത്തിനുമായി കൊണ്ടുവരുന്നത്. പ്രവാസിയുടെ സാമ്പത്തികവും സാമുഹ്യവുമായ വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി ശ്രദ്ധേയമായ കണ്െടത്തലുകളും ബോധവത്കരണവും നടത്തി കേരളത്തിനകത്തും പുറത്തും പ്രശസ്തനായ പരിശീലകന്‍ കൂടിയാണ് ഈ പ്രാവശ്യത്തെ പ്രഭാഷകന്‍ റാഷിദ് ഗസാലി. വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈന്‍ മനുഷ്യ വിഭവശേഷി പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ഈ യുവ പ്രഭാഷകന്‍.

റംസാന്‍ പ്രഭാഷണ വേദിയിലേക്ക് ദുബായിലെ വിവിധ ഭാഗങ്ങളില്‍നിന്നു വിപുലമായ വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 0503572400.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍