ഷിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു
Sunday, June 19, 2016 3:59 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. ജൂണ്‍ 12നു രാവിലെ പത്തിനു ലദീഞ്ഞോടുകൂടി ആരംഭിച്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചത് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ആണ്.

വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥംവഴി നമ്മുടെ ആവശ്യങ്ങള്‍ ദൈവസന്നിധിയില്‍ നിന്നു നേടിയെടുത്ത് മടങ്ങുമ്പോള്‍ നാം മറക്കുന്നത് വിശുദ്ധന്റെ മാതൃകയാക്കേണ്ട ജീവിതത്തെയാണെന്നും, സുഖലോലുപതയില്‍ മുഴുകി ജീവിതകാലം തീര്‍ക്കാമായിരുന്ന അന്തോണീസ് പക്ഷേ തെരഞ്ഞെടുത്തതു യേശുവിന്റെ സഹനത്തിന്റെ പാതയാണെന്നും, വിശുദ്ധന്റെ മധ്യസ്ഥം തേടുന്നതിനൊപ്പം അന്തോണീസിന്റെ ജീവിതത്തിലെ ഒരംശം നമ്മുടെ ജീവിതത്തിലേക്കും പകര്‍ത്തണമെന്നും അച്ചന്‍ വചനസന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, കഴുന്നെടുക്കല്‍, നേര്‍ച്ചകാഴ്ച സമര്‍പ്പണം എന്നിവ നടന്നു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് ഇടവകയിലെ അഞ്ച് കുടുംബങ്ങളാണ്. ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായകസംഘം, സിസ്റ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍