ഒബാമ ഭരണകൂടം നല്‍കിയത് ഒരു മില്യണ്‍ ഗ്രീന്‍ കാര്‍ഡുകള്‍
Saturday, June 18, 2016 6:08 AM IST
വാഷിംഗ്ടണ്‍: ഒബാമ ഭരണകൂടം ഭൂരിപക്ഷ മുസ്ലിം രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഒരു മില്യണ്‍ പേര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കിക്കഴിഞ്ഞതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജൂണ്‍ 17നു പുറത്തിറക്കിയ ഡാറ്റാ ചാര്‍ട്ടില്‍ പറയുന്നു.

2009-14 കാലഘട്ടത്തില്‍ മാത്രം നല്‍കിയത് 8,32,014 ഗ്രീന്‍ കാര്‍ഡുകളാണ്. പാക്കിസ്ഥാന്‍ (102,000) ഇറാഖ് (102,000), ബംഗ്ളാദേശ് (90,000), ഇറാന്‍ (85,000), ഈജിപ്റ്റ് (56,000), സൊമാലിയ(37,000) എന്നീ രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ക്കാണ് ഇത്രയധികം കാര്‍ഡുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ നോണ്‍ ഇമിഗ്രന്റ് സ്റുഡന്‍സ്, ബിസിനസ് തുടങ്ങിയ നിരവധി മേഖലകളില്‍ താല്ക്കാലിക വീസകളും നല്‍കിയിട്ടുണ്ട്.

ഒബാമ അധികാരത്തിലെത്തിയതിനുശേഷം ശരാശരി 1,38,669 ഗ്രീന്‍ കാര്‍ഡുകളാണ് പ്രതിവര്‍ഷം ഭൂരിപക്ഷ മുസ്ലിം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്കു നല്‍കിയിട്ടുളളത്.

2013-14 ല്‍ അമേരിക്ക സ്വീകരിച്ച മിഡില്‍ ഈസ്റേണ്‍ അഭയാര്‍ഥികളില്‍ 91.4 ശതമാനം പേര്‍ ഫുഡ് സ്റാമ്പ് വാങ്ങിക്കുന്നവരാണ്. 73.1 ശതമാനം അഭയാര്‍ഥികള്‍ മെഡിക്കെയ്ഡോ, മെഡിക്കല്‍ അസിസ്റന്‍സോ ലഭിക്കുന്നവരും 68.3 ശതമാനം പേര്‍ക്ക് കാഷ് വെല്‍ഫെയര്‍ ഉളളവരുമാണെന്നു റെഫ്യൂജിറി സെറ്റില്‍മെന്റ് ഓഫീസ് അറിയിച്ചു.

അമേരിക്കയിലെ അധ്വാനിക്കുന്ന ജനവിഭാഗം നല്‍കുന്ന ടാക്സില്‍നിന്നും വലിയൊരു ശതമാനമാണ് ഈ വിഭാഗത്തിനായി ചെലവഴിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍