ഡബ്ള്യുഎംസി ദ്വൈവാര്‍ഷികം: വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു
Thursday, June 16, 2016 8:16 AM IST
ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റീജണ്‍ ജൂണ്‍ 25നു (ശനി) നടത്തുന്ന പത്താമത് ദ്വൈവര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ആനുകാലിക പ്രസക്തിയുടെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായവര്‍ ചര്‍ച്ചകള്‍ക്കും ക്ളാസുകള്‍ക്കും നേതൃത്വം നല്‍കും.

25നു (ശനി) മൂന്നിന് ആരംഭിക്കുന്ന പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ട് ലെജിസ്ളേഷന്‍ എന്ന വിഷയത്തില്‍ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ഡോ. ശ്രീധര്‍ കാവില്‍, പ്രഗത്ഭ അറ്റോര്‍ണി അപ്പന്‍ മേനോന്‍ എന്നിവര്‍ ക്ളാസെടുക്കും. അമേരിക്കന്‍ മലയാളികളുടെ നാട്ടിലുള്ള സ്വത്തുവകകള്‍ വ്യാജരേഖകള്‍ ചമച്ചും നിയമങ്ങളിലെ അറിവില്ലായ്മകള്‍ ചൂഷണം ചെയ്തു തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ ക്ളാസുകള്‍ക്ക് നിരീക്ഷകര്‍ വളരേയേറെ പ്രധാന്യമാണ് കല്‍പ്പിക്കുന്നത്.

ഫോറിന്‍ ബാങ്ക് അക്കൌണ്ട്, ഇന്റേണല്‍ റവന്യൂ സര്‍വീസ് ടാക്സ് റിപ്പോര്‍ട്ടിംഗ് എന്ന വിഷയത്തില്‍ സിപിഎക്കാരും ടാക്സ് കണ്‍സള്‍ട്ടന്റുമാരായ ജോര്‍ജ് മാത്യു, സാബു ജോസഫ് എന്നിവര്‍ ക്ളാസ് നയിക്കും. ചോദ്യങ്ങള്‍ ചോദിക്കുവാനും സംശയങ്ങള്‍ ദുരീകരിക്കാനും അവസരം ഉണ്ടായിരിക്കും. അമേരിക്കന്‍ മലയാളികള്‍, ഇന്ത്യയിലെ സ്വത്തുക്കള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പണം നാട്ടില്‍നിന്നും കൊണ്ടുവരുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, ടാക്സ് ഫയല്‍ ചെയ്യുമ്പോള്‍ അറിറിഞ്ഞിരിക്കേണ്ടവ എന്നിവ ക്ളാസില്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യന്‍ - അമേരിക്കന്‍ സംസ്കാരങ്ങളേയും പൈതൃകങ്ങളേയും നമ്മുടെ യുവജനങ്ങളുടെ കണ്ണിലൂടെ നോക്കിക്കാണുന്ന യൂത്ത് മീറ്റിന് ജോജി മുട്ടത്ത് നേതൃത്വം നല്‍കും. വിവിധ മേഖലകളില്‍നിന്നുമുള്ള യുവജനങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

തുടര്‍ന്നു പുതിയ കേരള സര്‍ക്കാര്‍- പ്രതീക്ഷകളും നിര്‍ദേശങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഷോളി കുമ്പിളുവേലി മോഡറേറ്ററായിരിക്കും. വിന്‍സെന്റ് ഇമ്മാനുവല്‍, ജോബി ജോര്‍ജ്, തോമസ് മൊട്ടക്കല്‍, ഡോ. ശ്രീധര്‍ കാവില്‍, പി.സി. മാത്യു എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. കൂടാതെ പ്രേക്ഷകര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയുന്നതിനും അവസരം ഉണ്ടായിരിക്കും.

വൈകുന്നേരം ഏഴു മുതല്‍ വിവിധ കലാപരിപടികളും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സാബു ജോസഫ് 267 918 3190, തങ്കമണി അരവിന്ദ് 908 477 9895, രുക്മണി പത്മകുമാര്‍ 732 208 9200, പിന്റോ ചാക്കോ 973 337 7238