ഗര്‍ജിക്കുന്ന തോക്കില്‍നിന്നും 60 പേരെ രക്ഷപ്പെടുത്തി ഇമ്രാന്‍ യൂസഫ്
Thursday, June 16, 2016 6:18 AM IST
ഒര്‍ലാന്‍ഡോ: അന്‍പതു പേരുടെ ജീവന്‍ കവരുകയും 50ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഒര്‍ലാന്‍ഡോ നിശാക്ളബ് വെടിവയ്പിനിടെ സ്വന്തം ജീവന്‍പോലും തൃണവല്‍ക്കരിച്ചു 60 ഓളം പേരെ സുരക്ഷിതമായി ക്ളബ്ബിനു പുറകിലുള്ള വാതിലിലൂടെ രക്ഷപ്പെടുത്തിയ ഇരുപത്തിനാലുകാരനായ മുന്‍ മറീന്‍ ഇമ്രാന്‍ യൂസഫ് മാതൃകയായി.

ഇന്ത്യയില്‍നിന്നു മൂന്നു തലമുറകള്‍ക്കു മുമ്പ് ഗയാനയിലേക്ക് കുടിയേറിയ കുടുംബത്തിലെ ഹിന്ദു-മുസ്ലിം മാതാപിതാക്കളുടെ മകനായ ഇമ്രാന്‍ ന്യൂയോര്‍ക്കിലാണ് ജനിച്ചത്. ന്യൂയോര്‍ക്കില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2010 ല്‍ മറീന്‍ കോര്‍പില്‍ അംഗമായി. 2011ല്‍ അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചശേഷം ഇമ്രാന്‍ 2016 ല്‍ സജീവ സേവനത്തില്‍ നിന്നും വിരമിച്ചു. സംഭവം നടക്കുന്നതിനു ഒരു മാസം മുമ്പ് ഗെനൈറ്റ് ക്ളബില്‍ ജോലിയില്‍ പ്രവേശിച്ച ഇമ്രാന്‍ സംഭവം നടക്കുന്ന സമയം നൈറ്റ് ക്ളബ്ബിനകത്തുണ്ടായിരുന്ന ഒമറുമായി ഏറ്റുമുട്ടുന്നത് അപകടമാണെന്നു മനസിലാക്കി, ക്ളബ്ബിന്റെ പിന്‍വശത്തുള്ള വാതില്‍ തുറന്ന് 60 ഓളം പേരെ രക്ഷപെടുത്തുകയായിരുന്നു.

ഡോര്‍ തുറക്കണമെന്നാവശ്യപ്പെട്ടിട്ടും തുറക്കാന്‍ ആരും ധൈര്യം കാട്ടാതിരുന്നതിനാലാണ് ഇമ്രാന്‍ വെടിയുണ്ടകള്‍ക്കിടയിലൂടെ ഓടി ഡോര്‍ തുറന്നത്. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച ഇമ്രാന്‍ ജീവിതത്തില്‍ നാളിതുവരെ ഇത്രയും വലിയൊരു ഭീകരത ദര്‍ശിക്കാനായിട്ടില്ലെന്നാണ് പ്രതികരിച്ചത്. ഇമ്രാന്റെ ധീരതയെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രശംസിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍