ഡോര്‍ ടു ഡോര്‍ കാര്‍ഗോ: ജാഗ്രത പുലര്‍ത്തണമെന്നു കാര്‍ഗോ കമ്പനി അസോസിയേഷന്‍
Thursday, June 16, 2016 6:14 AM IST
അബുദാബി: ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ ചതിക്കുഴികളില്‍ വീഴാതെ ജാഗ്രത പുലര്‍ത്തണമെന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഏകോപനസമിതി മുന്നറിയിപ്പു നല്‍കി. സ്വര്‍ണക്കടത്ത് നടത്തിയതുമൂലം നിരോധനം ഏര്‍പ്പെടുത്തിയതു മുതല്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ മേഖല അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. തുടര്‍ന്നു സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളിലൂടെയാണ് വീണ്ടും അനുമതി ലഭിച്ചിരിക്കുന്നത്.

2015 വര്‍ഷത്തില്‍ കാര്‍ഗോ മേഖലയില്‍ ഉണ്ടായ പ്രശ്നങ്ങളും പ്രയാസങ്ങളും ഒഴിവായതായും പ്രവര്‍ത്തനം സുഗമമായതായും ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനം നല്‍കുന്ന കമ്പനികളുടെ കൂട്ടായ്മ അറിയിച്ചു. നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലാതെ കാര്‍ഗോ സേവനങ്ങള്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഈ രംഗത്ത് വീണ്ടും നുഴഞ്ഞു കയറി അനധികൃതമായി നാട്ടിലെ കച്ചവടക്കര്‍ക്കായി സാധനങ്ങള്‍ കയറ്റിവിടുന്ന രീതിക്ക് തുടക്കം കുറിച്ചതായും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നിയമപ്രശ്നങ്ങളില്‍ അകപ്പെടാനും ഈ സേവനം വീണ്ടും ഇല്ലാതാകാനും സാധ്യതയുണ്ടന്നു അസോസിയേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കാരാട്ട് അറിയിച്ചു.

ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനത്തിനു അസോസിയേഷന്‍ നീശ്ചയിച്ചിരിക്കുന്ന നിരക്ക് കിലോയ്ക്ക് 11 ദിര്‍ഹമാണ്. ഇതിലും വളരെ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ പൊതുജനങ്ങള്‍ അയയ്ക്കുന്ന സാധനങ്ങള്‍, കച്ചവട താത്പര്യം മുന്‍നിര്‍ത്തി അയയ്ക്കുന്ന സാധനങ്ങള്‍ക്കൊപ്പമാകും അയയ്ക്കുക. മാത്രമല്ല അനധികൃത സാധനങ്ങളും ഒളിപ്പിച്ചുകടത്താനും ശ്രമിക്കും. അയയ്ക്കുന്ന ആളുടെയും നാട്ടില്‍ കൈപ്പറ്റുന്ന ആളുടെയും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഇവ ആവശ്യപ്പെടാത്ത ഏജന്‍സികളെയും ഒഴിവാക്കണമെന്നു അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം സ്വര്‍ണക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഡോര്‍ ടു ഡോര്‍ കാര്‍ഗോയില്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്കല്‍ ഉപകരണങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. അയയ്ക്കുന്നവര്‍ സാധനങ്ങളുടെ വ്യക്തമായ ലിസ്റും വിലവിവരവും നല്‍കേണ്ടതുണ്ട്.

പത്ത് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാനും സാധിക്കുന്നുണ്െടന്നു കൊറിയര്‍ ആന്‍ഡ് കാര്‍ഗോ ഏജന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതോളം കമ്പനികളില്‍ 43 എണ്ണം അസോസിയേഷനില്‍ അംഗത്വം എടുത്തിട്ടുണ്ട്.

കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കസ്റംസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കാര്‍ഗോ സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ബോധവത്കരണവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് സിയാദ്, ഫൈസല്‍ തൈയില്‍, ട്രഷറര്‍ നവ്നീത് പ്രഭാകര്‍, വൈസ് പ്രസിഡന്റ് എം. നിസാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള