ട്രംപ് ഡാളസിലേക്ക്
Wednesday, June 15, 2016 6:30 AM IST
ഡാളസ്: തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കുന്നതിനും തെരഞ്ഞെടുപ്പു ഫണ്ട് സമാഹരിക്കുന്നതിനുമായി റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ജൂണ്‍ 16നു ഡാളസിലെത്തുന്നു. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ച ശേഷം ഇതു രണ്ടാം തവണയാണ് ഡാളസിലെത്തുന്നത്.

ഡാളസിലെത്തുന്ന ട്രംപിനെ സ്വീകരിക്കുവാന്‍ ട്രംപ് വിക്ടറി കമ്മിറ്റി തയാറെടുക്കുമ്പോള്‍ ട്രംപിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിന് അറ്റോര്‍ണി ഡൊമിംഗൊ ഗാര്‍സിയായുടെ നേതൃത്വത്തിലുളള ആക്ടിവിസ്റ് ജൂണ്‍ 14നു യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. ട്രംപിന്റെ അനുയായികളുമായി സംഘര്‍ഷം ഒഴിവാക്കുന്നതിന് ഹൈലാന്റ് വില്ലേജ് പാര്‍ക്കിലാണ് പ്രതിഷേധക്കാര്‍ റാലി സംഘടിപ്പിക്കുകയെന്നു ഗാര്‍സിയ പറഞ്ഞു.

ഇതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ആവശ്യമായ സുരക്ഷിതത്വം നല്‍കുവാന്‍ കഴിയുകയില്ലെന്നു ചൂണ്ടിക്കാട്ടി ഇര്‍വിംഗ് സിറ്റി അധികൃതര്‍ റാലിക്ക് അനുമതി നിഷേധിച്ചു. 2015 ല്‍ അമേരിക്കന്‍ സെന്ററില്‍ സംഘടിപ്പിച്ച ഫണ്ട് സമാഹരണ പരിപാടി വന്‍ വിജയമായിരുന്നു.

ഡാളസിലെ പരിപാടികള്‍ക്കുശേഷം ഹൂസ്റണ്‍, സാന്‍ന്റോണിയ തുടങ്ങിയ സിറ്റികളില്‍ നടക്കുന്ന റാലിയിലും ട്രംപ് പങ്കെടുക്കും. മെക്സിക്കന്‍ അതിര്‍ത്തിയോടു തൊട്ടു കിടക്കുന്ന നോര്‍ത്ത് ടെക്സസ് സിറ്റികളിലെ റാലി സംഘര്‍ഷഭരിതമാകുമോ എന്നു ആശങ്കയിലാണ് അധികാരികള്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍