ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ പരിസ്ഥിതി കാമ്പയിന്‍ ശ്രദ്ധേയമായി
Wednesday, June 15, 2016 6:23 AM IST
ദോഹ: പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും സാമൂഹ്യ ബാധ്യതയാണെന്നും കുട്ടികളും മുതിര്‍ന്നവരും ഈ ബാധ്യത തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്ത് ആന്റി സ്മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോകപരിസ്ഥിതി കാമ്പയിന്‍ ശ്രദ്ധേയമായി.

പരിസ്ഥിതി ബോധവത്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ നിത്യജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘോഷിച്ച കാമ്പയിന്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന പരിസ്ഥിതി നിലനിര്‍ത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഓര്‍മപ്പെടുത്തി.

അന്തരീക്ഷതാപനിലയിലെ വര്‍ധന, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം വ്യവസായവത്കരണം തുടങ്ങി ഗൌരവമേറിയ പല പാരിസ്ഥിക പ്രശ്നങ്ങള്‍ക്കും ഹരിത സമ്പദ്വ്യവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും കാമ്പയിന്‍ അടയാളപ്പെടുത്തി. കരയും കടലും സസ്യലതാദികളും പച്ചപ്പുമൊക്കെ സംരംക്ഷിക്കുന്നതോടൊപ്പം കാര്‍ബണ്‍ വികിരണം, ഊര്‍ജസ്രോതസുകളുടെ കാര്യക്ഷമമായ ഉപയോഗം, വെളളം, ഭക്ഷണം മുതലായവ പാഴാക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങളും കാമ്പയിനില്‍ വിഷയീഭവിച്ചു.

പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ കാമ്പയിന്‍ ആഹ്വാനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആന്റി സ്മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും ചേര്‍ന്നു നടത്തിയ പരിസ്ഥിതി സംരക്ഷണ മാര്‍ച്ച് സന്ദേശ പ്രധാനമായിരുന്നു. നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുകയും പരിസ്ഥിതിയുടെ കാവലാളുകളാവുകയും ചെയ്യുവാന്‍ ഓരോ വ്യക്തിയും കുടുംബവും മുന്നോട്ടുവന്നാല്‍ മാത്രമേ ഭാവി തലമുറക്കും നമുക്കും പരിസ്ഥിയെ സംരക്ഷിക്കാനാവുകയുള്ളൂവെന്നു കുരുന്നുകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ സംഘാടകരും പ്രായോജകരും സായൂജ്യരായി.

എന്റെ പരിസ്ഥിതിയെ മലിനപ്പെടുത്തരുത് വൃത്തിയുളളതും സുരക്ഷിതവുമായ പരിസ്ഥിതി സംബന്ധിച്ച എന്റെ സ്വപ്നം എന്നീ വിഷയങ്ങളെ അധികരിച്ചു നടന്ന പെയിന്റിംഗ് മല്‍സരത്തില്‍ ഖത്തറിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള നൂറു കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ മല്‍സര വിജയികളെ ആദരിച്ചു. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, സിഇഒ അമാനുല്ല വടക്കാങ്ങര, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വര്‍സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍, സ്പീഡ്ലൈന്‍ പ്രിന്റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, ഡോ. ബേനസീര്‍ ലത്തീഫ് നാസര്‍, റഫീഖ് മേച്ചേരി, വിംഗ്സ് ഫ്രഷ് ഫുഡ് ഡയറക്ടര്‍ മനു ജോസഫ്് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആന്റി സ്മോക്കിംഗ് സൊസൈറ്റി നിര്‍വാഹക സമിതി അംഗങ്ങളായ ജൌഹറലി, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, അഫ്സല്‍ കിളയില്‍, ഷറഫുദ്ദീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, ഷബീറലി കൂട്ടില്‍, സിയാഹു റഹ്മാന്‍, സൈദലവി അണ്േടക്കാട്, ജോജിന്‍ മാത്യു, നിഥിന്‍ തോമസ്, മാത്യു തോമസ്, ഖാജാ ഹുസൈന്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

പെയിന്റിംഗ് മല്‍സരത്തില്‍ ഓവറോള്‍ കിരീടം നേടിയ എംഇഎസ് ഇന്ത്യന്‍ സ്ക്കൂളിനുള്ള കിരീടം ആന്റി സ്മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും അതിഥികളും ചേര്‍ന്നു സമ്മാനിച്ചു.