വിദ്യാര്‍ഥികള്‍ക്ക് ദുബായി കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനത്തിന് അവസരം
Wednesday, June 15, 2016 4:39 AM IST
ദുബായി: ദേശ -ഭാഷാ ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള രണ്ടായിരത്തോളം പേര്‍ക്ക് ദിവസേന നോമ്പ് തുറക്കാനുള്ള വിശാല സൌകര്യമൊരുക്കി അഞ്ചാം വര്‍ഷവും ദുബായി കെഎംസിസി റംസാന്റെ സന്ദേശം പകര്‍ന്ന് മുന്നോട്ട് പോകുന്നു. ദുബായി സാമൂഹ്യ ക്ഷേമ, മതകാര്യ വകുപ്പുകളുടെയും ദുബൈ മുനിസിപ്പാലിറ്റിയുടെയും അനുമതിയോടെ ഭക്ഷ്യ ശുചിത്വ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇഫ്താറിന് വേണ്ട ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും.

പരിചയസമ്പന്നരും സേവന സന്നദ്ധരുമായ നൂറ്റിയന്‍പതോളം വോളണ്ടിയര്‍മാരാണ് ഇഫ്താര്‍ ടെന്റില്‍ സേവനമനുഷ്ഠിച്ചു വരുന്നത്. നോമ്പ് തുറവിഭവങ്ങള്‍ ഒരുക്കുന്നത് മുതല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സേവന സന്നദ്ധതയും കാരുണ്യ ബോധവും ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹ്യ സേവന മനസ്ഥിതിയും ഉത്തരവാദിത്വ ബോധവുമുള്ള ലോക പൌരന്മാരാക്കി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും വൈകുന്നേരം നാലു മുതല്‍ രാത്രി 7.30 വരെ ഇഫ്താര്‍ ടെന്റില്‍ വളണ്ടിയര്‍മരോടൊപ്പം സേവന പരിശീലനം നേടാന്‍ സന്നദ്ധതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കുന്നു. ദുബായി കെഎംസിസി ആവിഷ്കരിച്ച ഈ സേവന പരിശീലനത്തില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 15-06-2016 ന് മുമ്പ് ദുബായി കെഎംസിസി ഓഫീസുമായോ വോളന്റിയര്‍ ക്യാപ്റ്റനുമായോ ബന്ധപ്പെട്ട് പേര് രജിസ്റര്‍ ചെയ്യേണ്ടതാണെന്നു പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു. നമ്പര്‍: 04 2727773, 055 8591080.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍