കുടുംബം സംരക്ഷിക്കപ്പെടേണ്ടത് സംസ്കാരത്തിന് അനിവാര്യം: ക്ളിമീസ് ബാവ
Wednesday, June 15, 2016 4:38 AM IST
ഹൂസ്റണ്‍: കുടുംബമാണു സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകം. ഈ അടിസ്ഥാനത്തിന്മേല്‍ ഉറപ്പിക്കുന്ന സംസ്കാരമാണ് ലോകമെമ്പാടും പ്രസരിക്കുന്നതും പ്രസരിക്കേണ്ടതും. കുടുംബങ്ങള്‍ വളരുമ്പോഴാണു സഭയും സമൂഹവും വളരുന്നതും സംസ്കാരത്തിനു ചൈതന്യം ലഭിക്കുന്നതും. സമൂഹത്തില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുകള്‍ വിതയ്ക്കുവാന്‍ ഇന്നിന്റെ വെല്ലുവിളികളെ നേരിടുവാന്‍ സഭയും സമൂഹവും ഒന്നുചേര്‍ന്നു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു. സഭയുടെ ഉത്തരവാദിത്വങ്ങള്‍ ദൈവജനത്തിലൂടെ സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നതിലാകണം- കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്ക ബാവാ ചൂണ്ടിക്കാട്ടി. ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.

പുതിയ ദേവാലയ സമര്‍പ്പണത്തിനുശേഷം ആദ്യമായി ഇടവകയിലെത്തിയ കാതോലിക്കാ ബാവയെ ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് സ്വീകരിച്ചു. മനോഹരമായ ഈ ദേവാലയ നിര്‍മിതിയിലൂടെ സഭയ്ക്കും സമൂഹത്തിനും നന്മയുടെ പ്രകാശഗോപുരമായി പരിലസിക്കുവാന്‍ ഇടവകയ്ക്കും കുടുംബാംഗങ്ങള്‍ക്കും സാധിക്കട്ടെയെന്ന് മാര്‍ ക്ളിമീസ് കാതോലിക്ക ബാവാ ആശംസിച്ചു.

അനുമോദന യോഗത്തില്‍ ഇടവകയ്ക്കുവേണ്ടി വികാരി ഫാ. ജോണ്‍ എസ് പുത്തന്‍വിള കാതോലിക്കാ ബാവയെയും വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. കേരളത്തിലേയും ഇന്ത്യയിലേയും തിരുസഭയുടെ കാവല്‍ഭടനായ ബാവാതിരുമേനിയെ കരുത്തുറ്റ സേവനത്തിന്റെ സുദീര്‍ഘമായ സരണിയില്‍ അക്ഷീണനായി സഞ്ചരിക്കുവാന്‍ ദൈവം ശാക്തീകരിക്കട്ടെ എന്ന് ആശംസിച്ചു.

ഇടവക കമ്മറ്റിക്കുവേണ്ടി ജോണ്‍സണ്‍ കാഞ്ഞിരവിള, മാതൃസംഘടനയെ പ്രതിനിധീകരിച്ച് ആനി കുന്നത്ത്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജി കാക്കനാട്ട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിനുശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തോടുകൂടി ഈ വര്‍ഷത്തെ തിരുനാളിന് കൊടിയിറങ്ങി.