ഡിഎംഎയുടെ പിക്നിക് ടു ഹാവായ് ജൂണ്‍ 18 ന്
Wednesday, June 15, 2016 4:38 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മിഷിഗണിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ചിട്ടുള്ള 'പിക്നിക് ടു ഹാവായ്' (പിക്നിക് 2016) യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് സൈജന്‍ കണിയോടിക്കലും, സെക്രട്ടറി നോബിള്‍ തോമസും അറിയിച്ചു.

ട്രോയിയിലുള്ള ബൌളന്‍ പാര്‍ക്കാണ് ഈ വര്‍ഷത്തെ പിക്നിക്കിന് വേദിയൊരുങ്ങുക. എല്ലാ വര്‍ഷവും ഏതെങ്കിലും ഒരു തീം അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന പിക്നിക്കുകള്‍ വ്യത്യസ്ഥതയാര്‍ന്ന വേറിട്ട ഒരു അനുഭവം ആണ് എവര്‍ക്കും അനുഭവവേദ്യമാക്കുക. ഈ വര്‍ഷത്തെ പിക്നിക്കിന്റെ തീമായ 'പിക്നിക് ടു ഹാവായ്', ഹാവായിയന്‍ പിക്നിക്കിന്റെ വേറിട്ടൊരു അനുഭവമായിരിക്കും മലയാളികള്‍ക്കു സമ്മാനിക്കുക. നാലു ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലുള്ള നാലു ഗ്രൂപ്പുകള്‍ ഏറെ വാശിയോടെയായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക. വളരെയേറെ വ്യത്യസ്ഥതയാര്‍ന്ന മത്സരങ്ങള്‍ ആണ് ഈ വര്‍ഷം ഉണ്ടായിരിക്കുക. വിജയിക്കുന്ന ഗ്രൂപ്പിനു ഒന്നാം സമ്മാനം വാണി ഫുഡ്സും, വടം വലിയില്‍ വിജയിക്കുന്ന ടീമിന് ഒന്നാം സമ്മാനം കുട്ടനാടന്‍ ഗ്രോസറീസും സമ്മാനിക്കുന്നതാണ്. കൂടാതെ ഹാവായിയന്‍ സ്റ്റൈല്‍ കേരളാ തട്ടുകടയാണ് മറ്റൊരു ആകര്‍ഷണം.

ഷിബു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അഭിലാഷ് പോള്‍, ആകാശ് എബ്രഹാം, ബോബി തോമസ്, ഷാലു ഡേവിഡ്, ബോണി കോയിത്തറ, വര്‍ക്കി ഫ്രാന്‍സിസ്, ഷോണ്‍ കര്‍ത്തനാല്‍, പ്രിന്‍സ് എബ്രാഹം, ജിജി പോള്‍ തുടങ്ങിയവര്‍ പിക്നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ജൂണ്‍ 18-നു ശനിയാഴ്ച്ച രാവിലെ പത്തിനു ആരംഭിക്കുന്ന പിക്നിക്കിലേക്ക് പ്രവേശനം സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു വര്‍ഗീസ് (248) 7059413.

റിപ്പോര്‍ട്ട്: ശാലിനി ജയപ്രകാശ്