കെഎച്ച്എന്‍എ അനുശോചനവും പ്രാര്‍ഥനാ യോഗവും
Tuesday, June 14, 2016 5:07 AM IST
ഷിക്കാഗോ: ഓര്‍ലാന്റോയിലുണ്ടായ അതിദാരുണമായ കൂട്ടക്കൊലയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അതിയായ ഖേദം രേഖപ്പെടുത്തുകയും അനുശോചിക്കുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമേരിക്കന്‍ വന്‍കരയിലെത്തിയ കുടിയേറ്റക്കാര്‍ക്ക് ആശ്വാസവും അവസരങ്ങളും പ്രദാനം ചെയ്യുന്ന ഈ കര്‍മ്മഭൂമിയെ തീവ്രവാദത്തിന്റെ വിളനിലമാക്കി മാറ്റുവാനുള്ള മതമൌലികവാദികളുടെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും അതിനുവേണ്ടി ലോകജനത ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും, സര്‍ക്കാര്‍ നടത്തിവരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കലവറയില്ലാത്ത പിന്തുണ നല്‍കണമെന്നും കെഎച്ച്എന്‍എ ആവശ്യപ്പെട്ടു.

ഈ അതിദാരുണമായ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അമേരിക്കയിലെ എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരേതാത്മാക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി രാജേഷ് കുട്ടി എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. ലോക സമാധാനവും, വിശ്വമാനവികതയും ഭാരതീയ ദര്‍ശനത്തിന്റെ അടിസ്ഥാനമൂല്യങ്ങളാകയാല്‍ കാലത്തിന്റെ ആവശ്യം ഏറ്റെടുത്ത് സമാധാന പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഭാരതീയരും അണിചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം