സമസ്തയുടെ ബഹുജന ഇഫ്താര്‍ സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു
Monday, June 13, 2016 6:13 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ ബഹുജനങ്ങള്‍ക്കായി സംഘടിപ്പിച്ചു വരുന്ന മനാമയിലെ പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.

മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹവും ആശ്വാസവുമായി മാറുന്ന സംഗമം റംസാന്റെ 30 ദിവസവും തുടരുമെന്നതും ഇതില്‍ ആര്‍ക്കും പങ്കെടുക്കാമെന്നതും സമസ്തയുടെ ഇഫ്താറിനെ വേറിട്ടതാക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു പ്രചാരണവുമില്ലാതെ മനാമ കേന്ദ്രീകരിച്ചു നടന്നു വരുന്ന പ്രതിദിന ഇഫ്താര്‍ സംഗമം ഈ വര്‍ഷം മുതല്‍ മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്തയുടെ പുതിയ ഓഫീസ് ആസ്ഥാനത്തെ മദ്രസ ഹാളിലാണ് നടക്കുന്നത്.

കേവലം ഒരു ഇഫ്താര്‍ ചടങ്ങ് എന്നതിനപ്പുറം വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകരുന്ന പ്രഭാഷണവും സമൂഹ പ്രാര്‍ഥനകളും സമസ്തയുടെ ഇഫ്താറിനെ വേറിട്ടതാക്കുന്നു. കൂടാതെ, പ്രാര്‍ഥനക്ക് ഏറെ പ്രാധാന്യമുള്ള ഇഫ്താര്‍ സമയത്തുള്ള സമൂഹ പ്രാര്‍ഥനക്കും പ്രഭാഷണങ്ങള്‍ക്കും സമസ്ത പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങളാണ് നേതൃത്വം നല്‍കുന്നത്.

പ്രതിദിനം വന്‍ സാമ്പത്തിക ചെലവു പ്രതീക്ഷിക്കുന്ന ഇഫ്താറിന്റെ ചെലവുകള്‍ വഹിക്കുന്നതും ഉദാരമതികളായ വിശ്വാസികളും പ്രവാസികളായ ചില കച്ചവട സ്ഥാപനങ്ങളുടെ ഉടമകളുമാണ്.

സമസ്ത പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെയും മദ്രസ അധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രതിദിനം ഇഫ്താര്‍ ഒരുക്കങ്ങള്‍ നടന്നു വരുന്നത്. ഇഫ്താറിനോടനുബന്ധിച്ചു വിഭവങ്ങള്‍ സജ്ജീകരിക്കാനും ഭക്ഷണം വിതരണം ചെയ്യാനും എസ്കെഎസ്എസ്എഫ് വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു വോളന്റിയര്‍ ടീമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാദിവസവും നോമ്പു തുറക്കുശേഷം ഇവിടെ തന്നെ മഗ്രിബ് നമസ്കാരത്തിനുള്ള സൌകര്യവും സമസ്ത ഒരുക്കിയിട്ടുണ്ട്. ദിവസവും രാത്രി എട്ടിനു സ്ത്രീകള്‍ക്ക് സമൂഹ തറാവീഹ് നിസ്കാരവും ഇവിടെ നടന്നു വരുന്നുണ്ട്.