കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടു നടക്കുന്നത് ഭരണഘടനാ അവകാശമല്ല
Friday, June 10, 2016 6:16 AM IST
സാന്‍ഫ്രാന്‍സിസ്കോ: കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുന്നതിനും പരസ്യമായി കൊണ്ടു നടക്കുന്നതിനും ഭരണഘടനാ പൌരനു നല്‍കിയ അവകാശമാണെന്ന വാദം സാന്‍ഫ്രാന്‍സിസ്കോ ഒന്‍പതാം സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഉത്തരവിട്ടു.

യോലൊ, സാന്‍ഡിയാഗോ കൌണ്ടികള്‍ കണ്‍സീല്‍ഡ് ഗണ്‍ പെര്‍മിറ്റ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്തു സമര്‍പ്പിച്ച അപ്പീലിലാണു കോടതി വിധി പ്രഖ്യാപിച്ചത്.

പതിനൊന്നംഗ ജഡ്ജിമാരുടെ പാനലില്‍ നാലു പേര്‍ തീരുമാനത്തില്‍ വിയോജിപ്പു രേഖപ്പെടുത്തിയപ്പോള്‍ ഏഴു പേരുടെ ഭൂരിപക്ഷ തീരുമാനത്തിനു വിധേയമായിട്ടാണു വിധി പ്രഖ്യാപനം ഉണ്ടായത്. സെക്കന്‍ഡ് അമന്റ്മെന്റ് കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുനടക്കുന്നതിനു അനുമതി നല്‍കുന്നതാണെന്ന വാദം കോടതി നിരാകരിച്ചു.

കണ്‍സീല്‍ഡ് ഗണ്‍ പൂര്‍ണമായും നിരോധിക്കുന്നതും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍പ്പെട്ടതാണെന്നു കോടതി പറഞ്ഞു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്ന് അനുകൂല വിധിയെഴുതിയ ജഡ്ജി വില്യം ഫ്ളെച്ചര്‍ അഭിപ്രായപ്പെട്ടു.

കലിഫോര്‍ണിയ സംസ്ഥാനത്ത് കണ്‍സീല്‍ഡ് ഗണ്‍ പെര്‍മിറ്റുകള്‍ നല്‍കുന്ന നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നത് നിയമ പാലകര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് അധികൃതരുടെ പക്ഷം.

സാക്രമെന്റൊ ഷെറിഫ് സ്കോട്ട് ജോണ്‍ 2010 ല്‍ ചുമതലയേല്‍ക്കുമ്പോള്‍ 400 ഗണ്‍ പെര്‍മിറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏപ്രിലില്‍ ലഭിച്ച കണക്കനുസരിച്ചു 7865 ഗണ്‍ പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. ന്യുയോര്‍ക്ക് ഗണ്‍ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ ഗണ്‍ റൈറ്റ്സ് ഗ്രൂപ്പ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍