അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതിയുടെ ന്യൂയോര്‍ക്ക് റീജണ്‍ സെമിനാര്‍ ജൂണ്‍ പതിനൊന്നിന്
Friday, June 10, 2016 4:46 AM IST
ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, വിശ്വാസവും പാരമ്പര്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി, ജൂണ്‍ 11-ാം തീയതി (ശനിയാഴ്ച) ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡെല്‍ഫിയ എന്നീ സ്ഥലങ്ങളിലുള്ള ഇടവകാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ന്യുജേഴ്സിയില്‍ ബര്‍ഗന്‍ഫീല്‍ഡിലുള്ള സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ വച്ച് അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ ജോയിന്റ് സെക്രട്ടറി ഷെവലിയാര്‍ സി.ജെ. ജോയി, ന്യൂയോര്‍ക്കിലുള്ള പ്രതിനിധികള്‍ ഷെവലിയാര്‍ ബാബു ജേക്കബ്, ഏലിയാസ് ജോര്‍ജ് എന്നിവരുടെ പരിശ്രമഫലമായി സെമിനാര്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഇടവക മെത്രാപ്പോലീത്തായും അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതിയുടെ അധ്യക്ഷനുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശിര്‍വാദത്തോടെ ജൂണ്‍ 11-ാം തീയതി (ശനിയാഴ്ച) വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം ഭദ്രാസന സെക്രട്ടറി റെവ. ഫാ. ഗീവര്‍ഗീസ് ചാലിശേരില്‍. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് വര്‍ഗീസ്, കാര്‍ട്ടറെറ്റ് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോയെല്‍ ജെയ്ക്കബ്, റെവ. ഡീ. വിവേക് അലക്സ് എന്നീ വൈദികര്‍ സെമിനാര്‍ നയിക്കും. വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥനയോടുകൂടി സെമിനാര്‍ പര്യവസാനിക്കും.

എല്ലാ റീജണിലും ഇതുപോലെയുള്ള ക്ളാസുകള്‍ ആരംഭിക്കുവാനും സത്യവിശ്വാസം കാത്തു സൂക്ഷിക്കുവാനും ഈ സമിതി പ്രതിജ്ഞാബദ്ധമാണ്. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (ജനറല്‍ സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം