ഹില്ലരിയെ പിന്തുണച്ച് ഒബാമ
Friday, June 10, 2016 12:11 AM IST
വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹില്ലരി ക്ളിന്റനെപിന്തുണച്ച് പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു നടന്ന ആറ് പ്രൈമറികളില്‍ നാലിലും വിജയിച്ച് ഹില്ലരി തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം സ്വന്തമാക്കിയ പ്രഥമ വനിതയെ പിന്തുണച്ച് ബറാക് ഒബാമ രംഗത്തെത്തിയത്. ലക്ഷ കണക്കിന് അമേരിക്കക്കാര്‍ ഇതിനോടകം തങ്ങലുടെ ശബ്ദം ഹില്ലരിക്കായി ഉയര്‍ത്തിക്കഴിഞ്ഞു. അവര്‍ക്കൊപ്പം ഞാനും ചേരുന്നു. ഹില്ലരിക്കൊപ്പം ഞാനുമുണ്ട്- ഒബാമ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഇതാദ്യമായാണ് ഹില്ലരിയെ പിന്തുണച്ച് ഒബാമ രംഗത്തെത്തുന്നത്.

അതേസമയം, ഹില്ലരിയെ പിന്തുണച്ച ഒബാമയുടെ നടപടിക്കെതിരേ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അടുത്ത നാലു വര്‍ഷത്തേക്കുകൂടി ഭരണത്തില്‍ ഇരിക്കാനാണ് ഒബാമ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.