സൌദിയില്‍ തൊഴിലാളിയെ പിരിച്ചുവിടാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമം തൊഴില്‍ മന്ത്രാലയം പുറത്തിറിക്കി
Thursday, June 9, 2016 6:29 AM IST
ദമാം: സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന പതിനാറില്‍പരം നിയമ ലംഘനങ്ങളുടെ പേരില്‍ അവരെ ജോലിയില്‍നിന്നു പിരിച്ചുവിടുന്നതിനുള്ള പുതിയ വ്യവസ്ഥ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു.

മുന്‍കൂട്ടി അനുമതി തേടാതെ ഒരു വര്‍ഷത്തിനിടെ ഏഴു മുതല്‍ 10 ദിവസം വരെ ജോലിയില്‍നിന്നു വിട്ടുനില്‍ക്കല്‍, രേഖമൂലം അറിയിക്കാതെയും പ്രത്യേക കാരണമില്ലാതെയും ഒരു വര്‍ഷത്തില്‍ 11 മുതല്‍ 14 ദിവസം വരെ ജോലിയില്‍ ഹാജരാവാതിരിക്കല്‍, എതിര്‍ ലിംഗത്തില്‍പ്പെട്ടവരുമായി ജോലി സ്ഥലത്ത് ഒറ്റയ്ക്ക് കഴിയല്‍ തുടങ്ങിയവ തൊഴിലാളികളെ പിരിച്ചു വിടുന്നതിനു മതിയായ കാരണങ്ങളാണ്.

നിയമാനുസൃത കാരണം ഇല്ലാതെ തുടര്‍ച്ചയായി 15 ദിവസത്തില്‍ കൂടുതല്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ സര്‍വീസ് ആനുകൂല്യവും നഷ്ടപരിഹാരവും നല്‍കാതെ പിരിച്ചുവിടാവുന്നതാണ്.

ഓഫീസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പണം കൃത്യസമയത്ത് സ്ഥാപനത്തിന്റെ അക്കൌണ്ടില്‍ അടയ്ക്കാത്തവരെയും നാലു ഘട്ടമായി സ്വീകരിക്കുന്ന ശിക്ഷാ നടപടികള്‍ക്കൊടുവില്‍ പിരിച്ചുവിടും. അതേപോലെ സഹപ്രവര്‍ത്തകരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ സര്‍വീസ് ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാന്‍ സാധിക്കും.

ഓഫീസിലെ പഞ്ചിംഗ് സംവിധാനത്തില്‍ കൃത്രിമം കാണിക്കുന്നവരേയും നാലാം തവണ സര്‍വീസ് ആനുകൂല്യം നല്‍കി പിരിച്ചു വിടുന്നതിനും നിയമം തൊഴിലുടമകളെ അനുവദിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം