വനിതകള്‍ക്കു വോട്ട് അവകാശം ലഭിച്ച് 96 വര്‍ഷത്തിനുശേഷം ഒരു വനിത പ്രസിഡന്റ് സ്ഥാനാര്‍ഥി
Thursday, June 9, 2016 6:28 AM IST
വാഷിംഗ്ടണ്‍: ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത് വൈകിയാണ്. അതും അടിമത്തം നിരോധിച്ചതിനും വര്‍ഷങ്ങള്‍ക്കുശേഷം. 1840ല്‍ ആരംഭിച്ച അനവധി സമരങ്ങള്‍ക്കുശേഷം 19-ാമത് ഭരണഘടന ഭേദഗതിയിലൂടെയാണ് ഇത് സാധ്യതമായത്. മുന്‍ കോണ്‍ഫെഡറേറ്റ് സ്റേറ്റുകളില്‍ മൂന്നെണ്ണത്തില്‍ ആദ്യം ഈ അവകാശം നല്‍കിയതില്‍ ടെക്സസും ഉള്‍പ്പെട്ടു.

1920ല്‍ ആണ് സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത്. ഹില്ലരി ക്ളിന്റണ്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ എല്ലാ സാധ്യതകളും തെളിഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന് 96 വര്‍ഷത്തിനുശേഷം പ്രസിഡന്റ് പദത്തിലേക്ക് ഒരു സ്ത്രീ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ചരിത്രവും കുറിക്കുകയാണ്.

ഡോണാള്‍ഡ് ട്രംപ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രിസംപ്റ്റീവ് സ്ഥാനാര്‍ഥിയായതുപോലെ ഹില്ലരി ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രിസ്്പ്റ്റിവ് സ്ഥാനാര്‍ഥിയായി മാറി. ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ അടുത്തമാസം നടക്കുമ്പോള്‍ 4765 ഡെലിഗേറ്റുകളാണ് ഉണ്ടാവുക. ഇവരില്‍ 714 പേര്‍ സൂപ്പര്‍ ഡെലിഗേറ്റുകളാണ്. ഇവര്‍ പാര്‍ട്ടി ഭരണാധികാരികളും ഗവര്‍ണര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളുമാണ്. ഇവര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആര്‍ക്ക് വോട്ടു ചെയ്യാമെന്നു തീരുമാനിക്കാം. തങ്ങളുടെ സംസ്ഥാനത്തെ പ്രൈമറി, കോക്കസ് ഫലങ്ങള്‍ ഈ തീരുമാനത്തെ സ്വാധീനിക്കില്ല.

ഒരു മാധ്യമ ഏജന്‍സി പ്രൈമറികളുടെ മാസങ്ങളില്‍ സൂപ്പര്‍ ഡെലിഗേറ്റുകള്‍ ആര്‍ക്ക് വോട്ടു ചെയ്യും എന്നറിയാന്‍ സര്‍വേകള്‍ നടത്തി വരികയാണ്. ഈ സര്‍വേകളുടെ ഫലം അനുസരിച്ച് സൂപ്പര്‍ ഡെലിഗേറ്റുകള്‍ ഭൂരിഭാഗവും ഹില്ലരിക്കാണ് വോട്ടു ചെയ്യുക. എന്നാല്‍ 2008ല്‍ ഹില്ലരിയെ അനുകൂലിച്ചിരുന്ന ഇവര്‍ ബറാക്ക് ഒബാമയ്ക്ക് വോട്ടു ചെയ്തുവെന്നതു ചരിത്രം. പല കാര്യത്തിലും 2008 ആവര്‍ത്തിക്കപ്പെടുകയാണ്. പ്രൈമറികളില്‍ പരാജയപ്പെട്ടിട്ടും ഹില്ലരി മത്സരരംഗത്ത് ഉറച്ചു നിന്നു. പിന്നീട് ഹില്ലരിയും ഒബാമയുമായി കൂടിക്കാഴ്ച നടന്നതിനുശേഷമാണു ഹില്ലരി പിന്‍വാങ്ങിയത്.

ഹില്ലരിയുടെ പിന്‍മാറ്റം കരുതലോടെ നടത്തിയ രാഷ്ട്രീയ കരുനീക്കമായി നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത ഊഴം (2016 ലെ തെരഞ്ഞെടുപ്പ്) വച്ച് നീങ്ങാന്‍ ഈ പിന്‍മാറ്റം ആവശ്യമായിരുന്നു. ഇപ്പോള്‍ ആവശ്യത്തിന് ഡെലിഗേറ്റുകളില്ലാതെ ബുദ്ധിമുട്ടുന്ന ബേണി സാന്‍േഡേഴ്സിനോട് പിന്‍വാങ്ങിക്കൂടേ എന്നു ഹില്ലരി ഉള്‍പ്പെടെ പലരും ചോദിക്കുന്നു. പക്ഷെ സാന്റേഴ്സിനറിയാം, 2020ലോ 2024ലോ മറ്റൊരു അങ്കത്തിനുളള ബാല്യം തനിക്കില്ലെന്ന്. ഇതിനിടെ, ഹില്ലരിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സാന്‍േഡഴ്സ് എത്തുമെന്നും അഭ്യൂഹമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വെറുതേ പേരിനുവേണ്ടി മാത്രമാണ് ബാലറ്റില്‍ ഉണ്ടാവുക. പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്താല്‍ അത് വൈസ് പ്രസിഡന്റിനുംകൂടിയുളള വോട്ടാണ്.

ഇതിനിടെ, പ്രസിഡന്റ് ഒബാമയുമായി സാന്‍ഡേഴ്സ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനുശേഷം സാന്റേഴ്സിന്റെ പിന്‍മാറ്റമോ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമോ പ്രഖ്യാപിക്കും.

1982ലാണ് സൂപ്പര്‍ ഡെലിഗേറ്റ് സംവിധാനം ഡെമോക്രാറ്റ് പാര്‍ട്ടിയിലുണ്ടായത്. പ്ളെഡ്ജഡ് ഡെലിഗേറ്റുകളുടെ എണ്ണം 2008ല്‍ ഒബാമയ്ക്ക് അനുകൂലമായപ്പോള്‍ മാത്രമാണ് സൂപ്പര്‍ ഡെലിഗേറ്റുകള്‍ മുന്‍ തീരുമാനം പാലിക്കാതിരുന്നത്. ഭൂരിപക്ഷം പ്ളെഡ്ജഡ് ഡെലിഗേറ്റ്സ് ആര്‍ക്കാണ് എന്നു നോക്കിയാണ് സൂപ്പര്‍ ഡെലിഗേറ്റുകള്‍ വോട്ടു ചെയ്യുക.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്