ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് നരേന്ദ്ര മോദിയുടെ പ്രശംസ
Thursday, June 9, 2016 6:26 AM IST
വാഷിംഗ്ടണ്‍: അമേരിക്കയുടെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ നല്‍കിയ സംഭാവനകളെ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രശംസിച്ചു. ജൂണ്‍ എട്ടിനു യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധ ചെയ്യവെയാണ് നരേന്ദ്ര മോദിയുടെ പ്രശംസ.

അമേരിക്കയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായാണ് അമേരിക്കയില്‍ അധിവസിക്കുന്ന മൂന്നു മില്യന്‍ ഇന്ത്യക്കാരെ മോദി വിശേഷിപ്പിച്ചത്. അമേരിക്കയിലെ വന്‍കിട കമ്പനികളിലെ സിഇഒമാര്‍, ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ധര്‍, ഡോക്ടര്‍മാര്‍, സ്പെല്ലിംഗ് ബി ചാമ്പ്യന്‍മാര്‍ എന്നിവര്‍ ഇന്ത്യക്കാരുടെ അഭിമാനമാണെന്നു പറഞ്ഞപ്പോള്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് മോദിയെ അഭിവാദ്യം ചെയ്തു.

പ്രാചീന കാലം മുതല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ യോഗ അമേരിക്കയിലെ 30 മില്യന്‍ ജനങ്ങള്‍ പരിശീലിക്കുന്നതായി മോദി പറഞ്ഞു.

രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയ്, മന്‍മോഹന്‍ സിംഗ് എന്നിവരാണ് മോദിക്കു മുമ്പ് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിട്ടുള്ളത്. മോദിയുടെ പ്രസംഗം പ്രധാന അമേരിക്കന്‍ ടെലിവിഷനുകള്‍ ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍