ആവേശത്തിരയിളക്കി ഫ്രണ്ട്സ് ഓഫ് സ്റാറ്റന്‍ഐലന്റ്
Wednesday, June 8, 2016 8:25 AM IST
സ്റാറ്റന്‍ഐലന്റ്: ഫോമയുടെ ജന്മം മുതല്‍ ഇന്നുവരെ ഫോമയുടെ കാവല്‍ഭടന്മാരായി നിലകൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ഐലന്റിന്റേയും കേരള സമാജം ഓഫ് സ്റാറ്റന്‍ഐലന്റിന്റേയും മുന്‍ പ്രസിഡന്റുമാരും ഇപ്പോഴത്തെ ഭാരവാഹികളും വിളിച്ചുചേര്‍ത്ത ഫോമ സംഗമം സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും സൌഹാര്‍ദ്ദത്തിന്റേയും വേദിയായി.

ഫോമയുടെ എമ്പയര്‍- മിഡ്അറ്റ്ലാന്റിക് റീജണുകളിലെ സാരഥികളും ഫോമ 2016-18 വര്‍ഷത്തെ സ്ഥാനാര്‍ഥികളും ഫോമയെ നെഞ്ചിലേറ്റി ആരാധിക്കുന്ന പഴയകാല ഫോമ നേതാക്കളും ഫോമ അഭ്യുദയകാംക്ഷികളും ഒത്തുചേര്‍ന്നപ്പോള്‍, ഫ്രണ്ട്സ് ഓഫ് സ്റാറ്റന്‍ഐലന്റ് നേതാക്കളായ സണ്ണി കോന്നിയൂര്‍, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ആന്റോ ജോസഫ്, എസ്.എസ് പ്രകാശ്, ജോര്‍ജ് പീറ്റര്‍, പൊന്നച്ചന്‍ ചാക്കോ തുടങ്ങിയവര്‍ ഫോമയുടെ രക്ഷകരായി അവതരിക്കുകയായിരുന്നു.

ഫോമ ഇലക്ഷനുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ഭരണാധികള്‍ എടുത്ത അപക്വമായ തീരുമാനങ്ങളും സ്വജനപക്ഷപാതവും ഏകാധിപത്യമായ പെരുമാറ്റങ്ങളും വടക്കേ അമേരിക്കയിലെ ഫോമ പ്രവര്‍ത്തകരില്‍ പരക്കെ അമര്‍ഷവും ക്ഷോഭവും പടര്‍ന്നു പന്തലിച്ചപ്പോള്‍ മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ഐലന്റിന്റെ മുന്‍ പ്രസിഡന്റുമാരായ രാജു മൈലപ്ര, സണ്ണി കോന്നിയൂര്‍, രാജു ഫിലിപ്പ്, എസ്.എസ്. പ്രകാശ്, സാം കോശി, തോമസ് തോമസ്, ബാബു മൈലപ്ര തുടങ്ങിയവരും കേരള സമാജം ഓഫ് സ്റാറ്റന്‍ഐലന്റിന്റെ മുന്‍ പ്രസിഡന്റുമാരായ പൊന്നച്ചന്‍ ചാക്കോ, ഇടിക്കുള മാത്യു എന്നിവര്‍ വിളിച്ചുചേര്‍ത്ത ഫോമ സംഗമത്തില്‍ നൂറുകണക്കിന് ഫോമ ഡെലിഗേറ്റുകളാണ് സ്റാറ്റന്‍ഐലന്റിലെ അരോമ റസ്റോറന്റില്‍ ഒത്തുചേര്‍ന്നത്.

ഫോമയുടെ നേതാക്കളായ ജോര്‍ജ് കോശി, മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ജോണ്‍ സി. വര്‍ഗീസ്, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റ് കുഞ്ഞ് മാലിയില്‍, മുന്‍ ജുഡീഷ്യല്‍ കൌണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തോമസ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍, യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് തോമസ് മാത്യു, കാഞ്ച് ട്രഷറര്‍ ജോണ്‍ വര്‍ഗീസ് തുടങ്ങി ഒട്ടേറെ ഫോമ നേതാക്കളും വിവിധ അംഗ സംഘടനാ നേതാക്കളും ഫോമയിലെ അടുത്തകാലത്തെ സംഭവവികാസങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനോ, ഇലക്ഷനില്‍ ചില സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവണതകളില്‍ നിന്നും ഫോമ പ്രസിഡന്റും സെക്രട്ടറിയും മാറിനില്‍ക്കാനും ആവശ്യപ്പെട്ടു. ഫോമ ഇലക്ഷന്‍ നീതിപൂര്‍വമാക്കാന്‍ ഇടപെട്ട അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസിനും സെക്രട്ടറി സാം ഉമ്മനേയും ഇലക്ഷന്‍ കമ്മീഷണര്‍ സ്റാന്‍ലി കളരിക്കമുറി, ജുഡീഷ്യല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി എന്നിവരെ അഭിനന്ദിച്ചു.

ഫോമയില്‍ ജനാധിപത്യം പുനസ്ഥാപിക്കാനും ഏകാധിപത്യ, സ്വജനപക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി, മാതൃകാപരമായ കോണ്‍ഫറന്‍സ് കോളിലൂടെ നേതൃത്വം നല്‍കിയ ഫോമ ആര്‍വിപി ഡോ. ജേക്കബ് തോമസിനേയും ഫ്രണ്ട്സ് ഓഫ് സ്റാറ്റന്‍ഐലന്റ് ഭാരവാഹികള്‍ക്കും യോഗം അഭിനന്ദനങ്ങള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം