അനുഗ്രഹനിറവായി ഷിക്കാഗോ എക്യുമെനിക്കല്‍ കുടുംബസംഗമം
Wednesday, June 8, 2016 8:24 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനഞ്ചാമത് കുടുംബ സംഗമം ഏവര്‍ക്കും അനുഗ്രഹസന്ധ്യയായി മാറി.

ഷിക്കാഗോയിലെ വിവിധ സഭാ വിഭാഗങ്ങളിലെ 15 ദേവാലയങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍ ക്രിസ്തുവില്‍ ഒന്നാണെന്നുള്ള ഐക്യസന്ദേശം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായി സംഗമം മാറി.

ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം സ്നേഹവിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഷിക്കാഗോ ചെണ്ട ക്ളബ് ചെണ്ടമേളം ഒരുക്കി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഡോ. ജോസഫ് മാര്‍ തോമസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്ക് ആധാരമായ ചിന്തകളെ ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ് സദസുമായി പങ്കുവച്ചു. കൌണ്‍സില്‍ പ്രസിഡന്റ് റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തി. എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ ഭവന സഹായ പദ്ധതിയുടെ സഹായധനം യോഗത്തില്‍ കൈമാറുകയും ട്രഷറര്‍ മാത്യു മാപ്ളേട്ട് കുടുംബസംഗമത്തിന്റെ സ്പോണ്‍സര്‍മാര്‍ക്ക് നന്ദി പറഞ്ഞു.

സംഗമത്തിന്റെ ചെയര്‍മാന്‍ റവ.ഡോ. ശാലോമോന്‍ കളരിക്കല്‍, വൈസ് പ്രസിഡന്റ് ഫാ. ബാബു മഠത്തിപ്പറമ്പില്‍, കൌണ്‍സില്‍ സെക്രട്ടറി ബെഞ്ചമിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു കലാസന്ധ്യ അരങ്ങേറി. സ്കിറ്റുകള്‍, നൃത്തങ്ങള്‍, ഗാനങ്ങള്‍, ഉപകരണ സംഗീതം തുടങ്ങി ക്രൈസ്തവമൂല്യങ്ങള്‍ നിറഞ്ഞ കലാസന്ധ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. സുനീന ചാക്കോ, ജാസ്മിന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

സമ്മേളനത്തിന് എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത രണ്ടുപേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മാരിവില്‍ അഴകാര്‍ന്ന എക്യുമെനിക്കല്‍ കുടുംബസംഗമത്തിന് റവ. ജോണ്‍ മത്തായിയുടെ പ്രാര്‍ഥനയോടെ സമാപനമായി.

കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി റവ.ഡോ. ശാലോമോന്‍ കെ. ചെയര്‍മാനായും ബെന്നി പരിമണം കണ്‍വീനറായും ജയിംസ് പുത്തന്‍പുരയില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായും, ആന്റോ കവലയ്ക്കല് (ഫുഡ്), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സ്റേജ്), ആഗ്നസ് തെങ്ങുംമൂട്ടില്‍ (ഹോസ്പിറ്റാലിറ്റി), ഫാ. ഹാം ജോസഫ് (യൂത്ത് ഫോറം), മാത്യു കരോട്ട് (ആഷറിംഗ്), ജോയിച്ചന്‍ പുതുക്കുളം, ജയിസണ്‍ മത്തായി (പബ്ളിസിറ്റി) എന്നിവര്‍ നേതൃത്വം നല്‍കി.