ചരിത്രം കുറിച്ച് ഹില്ലരി, റിപ്പബ്ളിക്കന്‍ നോമിനേഷനുമായി ട്രംപ്
Wednesday, June 8, 2016 5:27 AM IST
ന്യൂജഴ്സി: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥിക്ക് ഔദ്യോഗികമായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചു. ജൂണ്‍ ഏഴിനു നടന്ന പ്രൈമറി തെരഞ്ഞെടുപ്പിലാണ് ഹില്ലരിക്ക് ഈ ചരിത്ര നേട്ടം കുറിക്കാനായത്. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് 2383 ഡലിഗേറ്റുകളുടെ പിന്തുണ ആവശ്യമായിരിക്കെ 2469 ഡലിഗേറ്റുകളുടെ പിന്തുണ ഹില്ലരിക്കു ലഭിച്ചു.

അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച് 96 വര്‍ഷം പിന്നിടുമ്പോള്‍ ഹില്ലരി വൈറ്റ് ഹൌസില്‍ എത്തുമോ എന്നാണ് ഇനി ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.

അതേസമയം റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് 1237 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ആവശ്യമെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന് ജൂണ്‍ ഏഴിനു നടന്ന പ്രൈമറി തെരഞ്ഞെടുപ്പോടെ 1423 ഡലിഗേറ്റുകളുടെ പിന്തുണയും ലഭിച്ചു.

ഡമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച നോര്‍ത്ത് ഡക്കോട്ടയില്‍ മാത്രമാണ് ബെര്‍ണി സാന്റേഴ്സിന് ജയിക്കാനായത്. ന്യൂജേഴ്സി, ന്യുമെക്സിക്കൊ, സൌത്ത് ഡക്കോട്ട എന്നീ സംസ്ഥാനങ്ങളില്‍ ഹില്ലരി വിജയിച്ചു. കലിഫോര്‍ണിയ മൊണ്ടാന വോട്ടെണ്ണല്‍ രാത്രി പതിനൊന്ന് കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ എല്ലാവരും മത്സരരംഗത്തു നിന്നും പിന്മാറിയതിനാല്‍ ട്രംപിന്റെ വിജയം ഏകപക്ഷീയമായിരുന്നു. ഡമോക്രാറ്റിക്ക് രജിസ്ട്രേഡ് വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായപ്പോള്‍, റിപ്പബ്ളിക്കന്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. ഹില്ലരിയും ബെര്‍ണിയും നടത്തിയ ആവേശകരമായ പ്രചാരണം കൂടുതല്‍ അംഗങ്ങളെ വോട്ടിംഗിനു പ്രേരിപ്പിച്ചു. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിക്കു പ്രതിയോഗിയില്ലാതിരുന്നതാണ് വോട്ടിംഗ് ശതമാനത്തില്‍ കുറവ് അനുഭവപ്പെട്ടത്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു വേദിയൊരുങ്ങി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍