റിഫ പ്രീമിയര്‍ ലീഗ് സി ഡിവിഷന്‍ ഫുട്ബാളില്‍ റോയല്‍ ബ്രദേഴ്സ് ചാമ്പ്യന്മാര്‍
Wednesday, June 8, 2016 2:47 AM IST
റിയാദ്: അല്‍മദീന ഹൈപര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച നാലാമത് പ്രീമിയര്‍ ലീഗ് 'സി' ഡിവിഷന്‍ ഫുട്ബാള്‍ മത്സരത്തില്‍ റോയല്‍ ബ്രദേഴ്സ് ഫുട്ബാള്‍ ക്ളബ് ജേതാക്കളായി. 14 പോയിന്റ് നേടിയാണ് ബ്രദേഴ്സ് കപ്പില്‍ മുത്തമിട്ടത്. 13 പോയിന്റോടെ ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ വാഴക്കാട് റണ്ണേഴ്സ് അപ്പ് ആയി. 'സി' ഡിവിഷനിലെ എട്ട് ടീമുകള്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരിച്ച ടൂര്‍ണമെന്റ് റിയാദ് കന്‍ശലീല മൈതാനിയിലാണ് നടന്നത്. പ്രവാസി റിയാദ്, മാര്‍ക്ക്, പി.എസ്.വി, റെഡ് സ്റ്റാര്‍, ഷൂട്ടേഴ്സ് കേരള, റിയാദ് ബ്ളാസ്റ്റേഴ്സ് എന്നിവയാണ് മത്സരിച്ച മറ്റ് ടീമുകള്‍.

തുടക്കത്തില്‍ റിയാദ് ബ്ളാസ്റ്റേഴ്സും പി.എസ്.വിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും അവസാന പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങിേവന്നു. ടൂര്‍ണമെന്റിലെ നല്ലകളിക്കാരനായി റിയാസ് (റിയാദ് ബ്ളാസ്റ്റേഴ്സ്), മുന്‍ നിര കളിക്കാരനായി ഹാഫിസ് (റോയല്‍ ബ്രദേഴ്സ്) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും അധികം ഗോള്‍ അടിച്ച കളിക്കാരനുള്ള ട്രോഫി മുഹമ്മദ് അറഫാത്ത് (ബ്ളാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്) അര്‍ഹനായി. കളിയിലെ നല്ല ടീമിനുള്ള ട്രോഫി പി.എസ്.വി കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഷകീബ് കൊളക്കാടന്‍, അബ്ദുല്ല വല്ലാഞ്ചിറ, ബഷീര്‍ ചെലേമ്പ്ര, മുസ്തഫ കവായ്, നവാസ് കണ്ണൂര്‍, ശരീഫ് കാളികാവ് എന്നിവര്‍ വിതരണം ചെയ്തു. മുനീര്‍ റോളക്സ്, കരീം യൂത്ത് ഇന്ത്യ, ഹംസ തൃകടീരി, നാസര്‍ മൂച്ചിക്കാടന്‍, ഫതാഹ്, നബീല്‍ പാഴൂര്‍ ടീമുകളുമായി പരിചയപ്പെട്ടു. ബാബു മഞ്ചേരി, ഷഖീല്‍, മുസ്തഫ ഫോര്‍ത്ത് അമ്പയര്‍ വിഭാഗവും, ജബ്ബാര്‍, മജീദ് ബസ്കര്‍, അബ്ദുല്ല അരീക്കോട്, ഹമീദ്, അനസ്, സൈഫുദ്ദീന്‍ എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു. സമാപന ചടങ്ങില്‍ ബഷീര്‍ ചെലേമ്പ്ര അധ്യക്ഷത വഹിച്ചു. കബീര്‍ വല്ലപ്പുഴ സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍