ഫോമ കണ്‍വന്‍ഷനു ചരിത്രനിയോഗമാകാന്‍ മയാമി ഒരുങ്ങുന്നു
Tuesday, June 7, 2016 5:46 AM IST
മയാമി: ലോക ടൂറിസം ഭൂപടത്തില്‍ സഞ്ചാരികളുടെ പറുദീസ എന്നു വിശേഷിപ്പിക്കപ്പെടുന്ന മയാമി എന്നും ഒന്നാമതുതന്നെ. ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്, ഉല്ലാസ കപ്പല്‍ സഞ്ചാരികളുടെ തലസ്ഥാനം, സൂര്യപ്രകാശത്തിന്റെ നാട്, സുഖകരമായ ഉഷ്ണ കാലാവസ്ഥ പ്രദേശം, സൌത്ത് അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള പ്രവേശന കവാടം തുടങ്ങിയ നിരവധി വിശേഷങ്ങള്‍ ചാര്‍ത്തുന്ന മയാമിയില്‍ ആണ് പ്രവാസി മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷനു വേദി ഒരുങ്ങന്നത്.

ജൂലൈ ഏഴു മുതല്‍ 10 വരെ നാല് ദിവസങ്ങളിലായി ഡ്യൂവില്ല ബീച്ച് റിസോര്‍ട്ടിന്റെ വിശാലമായ ഓഡിറ്റോറിയത്തിലും അകതളങ്ങളിലുമായി നടക്കുന്ന കല, സാംസ്കാരിക,വിനോദ കലാപരിപാടികളും താളമേളങ്ങളുടെ തുടികൊട്ടുന്ന ഘോഷയാത്ര, നൃത്തനൃത്യങ്ങളും കല, സാഹിത്യ, സൌന്ദര്യ, നാടക മത്സരങ്ങളും ബിസിനസ്, സാഹിത്യം, മാധ്യമ, തൊഴില്‍രംഗത്തെ വിദഗ്ധരുടെ പഠന സെമിനാറുകള്‍, ആനുകാലിക വിഷയ സംവാദങ്ങള്‍, സ്പോര്‍ട്സ് മത്സരങ്ങള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ അഞ്ചാമത് കണ്‍വന്‍ഷനെ ഏറെ ശ്രദ്ധേയമാക്കുമെന്നു ഫോമ ഭാരവാഹികളായ ആനന്ദന്‍ നിരവേലും ഷാജി എഡ്വേര്‍ഡും ജോയി ആന്റണിയും അറിയിച്ചു.

ഫ്ളോറിഡ, ഹോളിവുഡ് സിറ്റിയിലെ ടിവൈ പാര്‍ക്കിലെ വിശാലമായ തടാകത്തില്‍ നടക്കുന്ന വള്ളംകളി മത്സരം കണ്‍വന്‍ഷന്റെ പ്രത്യേകതയായിരിക്കും. മത്സരത്തിലേക്ക് ഫ്ളോറിഡ സംസ്ഥാനത്തിനകത്തുനിന്നു വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ടീമുകള്‍ പേര് രജിസ്റര്‍ ചെയ്തതായി മത്സരത്തിന്റെ ചെയര്‍മാന്‍ ജോണറ്റ് സെബാസ്റ്യന്‍ പറഞ്ഞു. ഒരു വള്ളത്തില്‍ 20 തുഴച്ചില്‍കാരും ഒരു അമരക്കാരനും ഒരു താളക്കാരനുമാണു പങ്കെടുക്കാന്‍ കഴിയുക. മത്സരം നിയന്ത്രിക്കുന്നത് അമേരിക്കന്‍ പാഡിലേഴ്സ് ക്ളബിലെ വിദഗ്ധ സംഘമാണ്.

ജൂലൈ ഒമ്പതിനു (ശനി) രാവിലെ ഒന്‍പതിനു മത്സരങ്ങള്‍ ആരംഭിക്കും. ജേതാക്കള്‍ക്ക് 2,500 ഡോളര്‍ കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ആയിരം ഡോളറും ട്രോഫിയും ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനക്കാര്‍ക്ക് അഞ്ഞൂറു ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും.

വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) 954 234 6614, ജോയി കുറ്റ്യാനി (നാഷണല്‍ കോഓര്‍ഡിനേറ്റര്‍) 954 708 6614, ബാബു കല്ലിടുക്കിലും 954 593 6882, ജോസ്മാന്‍ കരേടന്‍ (കേരള സമാജം പ്രസിഡന്റ്) 954 558 2245, ജയിംസ് ദേവസ്യ (നവകേരള ആര്‍ട്സ് ക്ളബ് പ്രസിഡന്റ്) 954 297 7017, സജി സക്കറിയാസ് 305 546 8228, റോബിന്‍ ആന്റണി 954 552 1267, ഷാര്‍ലറ്റ് വര്‍ഗീസ് 954 303 8952.

റിപ്പോര്‍ട്ട്: ബിജു പന്തളം