നരേന്ദ്ര മോദിക്കെതിരെ സിക്ക് വംശജര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു
Tuesday, June 7, 2016 5:43 AM IST
വാഷിംഗ്ടണ്‍: മൂന്നു ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍പ്രതിഷേധത്തിനൊരുങ്ങുകയാണു സിക്ക് വംശജര്‍.

ജൂണ്‍ എട്ടിനു വാഷിംഗ്ടണിലാണു നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ പ്രകടനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതെന്നു സിക്ക് കമ്യൂണിറ്റി ലീഡര്‍ ഗുര്‍ദേവ് സിംഗ് പറഞ്ഞു. സ്വതന്ത്ര പഞ്ചാബ് രൂപീകരിക്കുന്നതു വരെ (കാലിസ്ഥാന്‍) ലോകമെങ്ങുമുള്ള സിക്ക് വംശജര്‍ വിശ്രമിക്കുകയില്ലെന്നും സിംഗ് ചൂണ്ടികാട്ടി.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ജനദ്രോഹ നടപടികള്‍ അമേരിക്കന്‍ ഭരണകൂടത്തിനുമുമ്പില്‍ തുറന്നു കാണിക്കുമെന്നു മറ്റൊരു സിക്ക് നേതാവ് മന്‍ദീപ് സിംഗ് പറഞ്ഞു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നതിനു മറ്റു സമുദായാംഗങ്ങളുടേയും പിന്തുണ ഇവര്‍ അഭ്യര്‍ഥിച്ചു.

തിങ്കളാഴ്ച വാഷിംഗ്ടണിലെത്തിയ മോദി അര്‍ലിംഗ്ടണ്‍ നാഷണല്‍ സിമിട്രിയില്‍ ധീര ജവാന്മാരുടെ സ്മരണ പുതുക്കി പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. ചൊവ്വാഴ്ച്ച ഒബാമയുമായി ഉച്ചഭക്ഷണം കഴിച്ചതിനുശേഷം വ്യവസായികളുമായി ചര്‍ച്ച നടത്തും. ബുധനാഴ്ച യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ആയതിനുശേഷം ഇതു നാലാം തവണയാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍