ട്രിനിറ്റി സ്പോര്‍ട്സ് പിക്നിക് വന്‍വിജയമായി
Tuesday, June 7, 2016 5:42 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ പോഷക സംഘടനയായ ട്രിനിറ്റി സ്പോര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പിക്നിക് വന്‍വിജയമായി. മേയ് 28നു രാവിലെ മുതല്‍ ട്രിനിറ്റി സെന്ററിലായിരുന്നു പിക്നിക് സംഘടിപ്പിച്ചത്.

ഗൃഹാതുരത്വം നിറഞ്ഞുനിന്ന വിവിധ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്ന പിക്നിക് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 370 പേര്‍ പങ്കെടുത്ത പിക്നിക്ക് പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമായി മാറി.

നാടന്‍ കേരളീയ ശൈലിയില്‍ രൂപം കൊടുത്ത തട്ടുകടയുടെ ഉദ്ഘാടനം ഇടവക വികാരി റവ. മാത്യൂസ് ഫിലിപ്പ് നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ ട്രിനിറ്റി സെന്ററില്‍ മാത്യൂസ് ഫിലിപ്പിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. വിവിധ പ്രായത്തിലുള്ളവര്‍ക്കുവേണ്ടി ഒരുക്കിയ വാട്ടര്‍ സ്ളൈഡ്, മൂണ്‍ വാക്ക്, ബാസ്ക്കറ്റ്ബോള്‍ 3 പോയിന്റ് മത്സരം, ഫ്രീ ത്രോ മത്സരം, ചാക്കില്‍ കയറി നടത്തം, ഓട്ടമത്സരം, നടത്ത മത്സരം, കസേരകളി, വടംവലി തുടങ്ങി വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ പിക്നിക്കിനെ കൂടുതല്‍ ആവേശമുളവാക്കി.

കേരളീയ വിഭവങ്ങള്‍കൊണ്ട് ഒരുക്കിയ പ്രഭാതഭക്ഷണം ഗൃഹാതുരത്വ ഓര്‍മകളെ തട്ടിയുണര്‍ത്തി. ടിറ്റി സൈമണ്‍, വിനോദ് ചെറിയാന്‍, റെജി മാത്യു, ഫിലിപ്പ് സക്കറിയ, വിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ബാര്‍ബിക്യൂ എന്നിവ പിക്നിക്കിനു മാറ്റുകൂട്ടി.

വല്‍സാ ഏബ്രഹാമിന്റെയും കുഞ്ഞമ്മ ജോര്‍ജിന്റെയും നേതൃത്വത്തില്‍ പിക്നിക്ക് പാചകശാല മുഴുവന്‍ദിനവും സജീവമായിരുന്നു.

ഗാല്‍വസ്റണ്‍ പ്രാര്‍ഥനാഗ്രൂപ്പിലെ ജയന്റെ നേതൃത്വത്തില്‍ നടത്തിയ സ്ട്രീറ്റ് മ്യൂസിക്കില്‍ നിരവധി യുവജനങ്ങള്‍ സംഗീതോപകരണങ്ങളില്‍ കൂടി തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കിയപ്പോള്‍ സണ്‍ഡേ സ്കൂള്‍ ഹാളിലിരുന്ന ശ്രോതാക്കള്‍ക്ക് അത് ഒരു വ്യത്യസ്ത അനുഭവമൊരുക്കി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കി. ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍ ആദ്യവസാനം പിക്നിക്കില്‍ സംബന്ധിച്ചു.

പിക്നിക്കിന്റെ വിജയത്തിനായി വികാരി റവ. മാത്യൂസ് ഫിലിപ്പ്, റജി ജോണ്‍ (വൈസ് പ്രസിഡന്റ്), റജി ജോര്‍ജ് (ജോ.സെക്രട്ടറി), ടിറ്റി സൈമണ്‍ (ട്രഷറര്‍), ഷാജന്‍ ജോര്‍ജ് (സെക്രട്ടറി), അലക്സ് പാപ്പച്ചന്‍ (ഗെയിംസ് കോഓര്‍ഡിനേറ്റര്‍), എം.എസ്.വര്‍ഗീസ്, ഷിജു ജോര്‍ജ് ജോണ്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി