കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്
Tuesday, June 7, 2016 5:41 AM IST
അലാസ്ക: കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? സംശയിക്കേണ്ട കോഴി തന്നെ. അലാസ്കയില്‍ ചിക്കന്‍ ഉണ്ടായി. മുപ്പുതുവര്‍ഷത്തിനുശേഷമാണ് ഫ്ളോറിഡയില്‍ ടു എഗ് ഉണ്ടായത്. ഈ സ്ഥലപേരുകള്‍ വിചിത്രമായി തോന്നുന്നുവെങ്കില്‍ കൂടുതല്‍ വിചിത്രമായ സ്ഥലനാമങ്ങളുണ്ട് അമേരിക്കയില്‍.

പെന്‍സില്‍വാനിയയില്‍ ഒരു ഇന്റര്‍കോഴ്സും വെര്‍ജിന്‍ വില്ലും ബ്ളൂ ബാള്‍സും ലൂസിയാനയില്‍ മൂണ്‍ ഷൈനും കട്ടോഫും കലിഫോര്‍ണിയയില്‍ വീഡും ടെക്സസില്‍ അണ്‍സേര്‍ട്ടനും അലാസ്കയില്‍ ഈക്കും ജോര്‍ജിയയില്‍ ബട്ട്സ് കൌണ്ടിയും ഇന്ത്യാനയില്‍ സാന്റാക്ളോസും ഉണ്ട്.

ഇവയില്‍ പലതും പേരുകൊണ്ടുമാത്രം സന്ദര്‍ശക ആകര്‍ഷക കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഫ്ളോറിഡയുടെ തലസ്ഥാനമായ ടാലഹാസിക്കിനു 70 മൈല്‍ അകലെയാണ് ടു എഗ്. ഒരു ചെറിയ കര്‍ഷക സമൂഹമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സ്ഥലത്തെ പലചരക്കുകടയില്‍ രണ്ട് മുട്ട നല്‍കി ഇറച്ചിയോ ചീസോ ഗ്രാമീണര്‍ വാങ്ങിയിരുന്നു. അങ്ങനെ ടു എഗ് എന്ന പേരുണ്ടായി. ഇപ്പോഴും ടു എഗ് കെയിന്‍സിറപ്പ് വില്‍ക്കുന്ന ഫാം അവിടെയുണ്ട്.

കാനഡയുമായി അതിര്‍ത്തി പങ്കിടുന്ന ചെറിയ പട്ടണമാണ് അലാസ്കയിലെ ചിക്കന്‍. 1902 ല്‍ സ്ഥലവാസികള്‍ കണ്ടുപിടിച്ച പേരായിരുന്നു ടാര്‍മിഗന്‍. അവര്‍ സ്ഥിരമായി കഴിച്ചിരുന്ന ഒരു പക്ഷിയുടെ പേരായിരുന്നു ഇത്. ഈ പേരില്‍ തൃപ്തരാകാതെ പിന്നീട് സ്ഥലനാമം ചിക്കന്‍ എന്നാക്കുകയായിരുന്നു. പല സന്ദര്‍ശകരും കൌതുകം പൂണ്ട് ഈ സ്ഥലം തങ്ങളുടെ ഇടത്താവളം ആക്കുന്നു.

സാന്റാഫേ എന്ന പേരാണ് ഇന്ത്യാനയിലെ സാന്റാക്ളോസിന് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് മറ്റൊരു സാന്റാഫേ ഉള്ളതിനാല്‍ സാന്റാക്ളോസ് എന്ന പേരു സ്വീകരിക്കുകയായിരുന്നു. 2500 നിവാസികളുള്ള സ്ഥലത്ത് കൃത്യമായി പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്നല്‍ പോലും ഇല്ല. എങ്കിലും പ്രതിവര്‍ഷം 10 ലക്ഷം സന്ദര്‍ശകരെത്തുന്നു. സാന്റാക്ളോസ് എന്ന തപാല്‍ മുദ്ര പതിപ്പിച്ച് കത്തുകള്‍ തിരിച്ചയ്ക്കുവാന്‍ ഡിസംബറില്‍ ലക്ഷക്കണക്കിനു അഭ്യര്‍ഥനകള്‍ എത്തുന്നു.

ലൂസിയാന അതിര്‍ത്തിക്കടുത്തുള്ള ടെക്സസിലെ അണ്‍ സേര്‍ട്ടന് ഈ പേരു കിട്ടിയത് മറ്റൊരു കൌതുകരമായ കഥയാണ്. 1800കളില്‍ കാഡോ ലേക്ക് പോര്‍ട്ടുകളില്‍ എത്തിയിരുന്ന പെട്ടികളുടെ പുറത്തെ ലേബലുകള്‍ ഇളകിപോകാറുണ്ടായിരുന്നു. പെട്ടികളുടെ പുറത്ത് അണ്‍സേര്‍ട്ടന്‍ എന്നെഴുതി അവസാന സ്ഥലത്തെത്തിച്ചിരുന്നു. നൂറു നിവാസികള്‍ മാത്രം ഉള്ള സ്ഥലത്തിന് അങ്ങനെ അണ്‍ സേര്‍ട്ടന്‍ എന്ന പേരുണ്ടായി. ധാരാളം സന്ദര്‍ശകര്‍ 'അനിശ്ചിതമായ' ഈ സ്ഥലത്തെത്തുന്നു.

ജോര്‍ജിയയിലെ ബട്ട്സ്കൌണ്ടി, ക്യാപ്റ്റന്‍ സാമുവല്‍ ബട്ട്സിന്റെ പേരില്‍നിന്നുണ്ടായതാണ്. പേരു മാറ്റണം എന്ന നിര്‍ദേശം പലതവണ ഉണ്ടായെങ്കിലും നടപടിയുണ്ടായില്ല. ഇവിടെ സേവ് ഔവര്‍ ബട്ട്സ് ടീ ഷര്‍ട്ടുകളും സ്റിക്കറുകളും വില്‍ക്കുന്ന കടകളുണ്ട്. കീപ്പ് ഔവര്‍ ബട്ട്സ് ക്ളീന്‍ ബംബര്‍ സ്റിക്കറുകള്‍ക്കും ആവശ്യക്കാരുണ്ട്. ഹൈവേ ഇന്റര്‍ സ്റേറ്റ് 75ല്‍ നിന്ന് കാണാവുന്ന വാട്ടര്‍ ടാങ്കിനു മുകളില്‍ ബ്യൂട്ടിഫുള്‍ ബട്ട്സ് എന്നു വലിയ അക്ഷരത്തിലുള്ള സ്വാഗതമുണ്ട്.

മൌണ്ട് ഷാസ്തയുടെ അടിവാരത്ത് ആബനര്‍ വീഡ് ഒരു തടി വ്യാപാരം നടത്തിയിരുന്നു. അങ്ങനെ 1897ല്‍ കലിഫോര്‍ണിയയില്‍ ഈ സ്ഥലത്തിന് വീഡ് എന്നു പേരുണ്ടായി. മാരിവാന പ്രേമികള്‍ക്ക് ഐ ലവ് വീഡ് എന്ന മുദ്രാവാക്യം പരസ്യപ്പെടുത്തുവാന്‍ അവസരവും ലഭിച്ചു. എന്നാല്‍ സ്ഥലത്തെ മൌണ്ട് ഷാസ്ത ബ്രൂയിംഗ് കമ്പനി തങ്ങളുടെ മദ്യകുപ്പികളില്‍ 'എ ഫ്രണ്ട് ഇന്‍ വീഡ് ഈസ് എ ഫ്രണ്ട് ഇന്‍ഡീഡ്. ട്രൈ ലീഗല്‍ വീഡ്' എന്നെഴുതിയപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഇതു നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. വിചിത്രവും കൌതുകകരവുമായ ഇത്തരം സ്ഥലനാമങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്