ഫോമ-ഇന്ത്യ പ്രസ് ക്ളബ്: യോജിച്ചു മുന്നോട്ടു പോകുമെന്ന് ഇരു സംഘടനകളും
Tuesday, June 7, 2016 5:00 AM IST
ന്യൂയോര്‍ക്ക് : ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ), ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്കാസു(ഫോമ)മായി നിലനിന്നിരുന്ന നിസഹകരണ നിലപാടില്‍ മാറ്റം വരുത്തുവാന്‍ ചര്‍ച്ചകളിലൂടെ തീരുമാനം. ഇനി മുതല്‍ പ്രസ്ക്ളബ് ഫോമയുമായി സഹകരിച്ച് മുന്നോട്ടു പോകും.

ഇന്ത്യ പ്രസ്ക്ളബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ.ജോര്‍ജ് കാക്കനാട്ട്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യു, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചകളിലാണ് നിസഹകരണ വിഷയങ്ങള്‍ക്ക് ഒത്തുതീര്‍പ്പായത്. ഈ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ പിന്നീട് ഇന്ത്യാ പ്രസ്ക്ളബ് നാഷണല്‍ എക്സിക്യൂട്ടീവ് അംഗീകരിക്കുകയും ചെയ്തു.

ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണു പ്രസ്ക്ളബ്ബുമായി അകല്‍ച്ചയ്ക്കിടയായതെന്നും പ്രസ്ക്ളബ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ യാതൊരു നിബന്ധനകളും മുന്നോട്ടുവച്ചിരുന്നില്ലെന്നും പുറമെ പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഫോമാ നേതാക്കള്‍ പറഞ്ഞു.
ജൂലൈ ഏഴു മുതല്‍ പത്തുവരെ മയാമിയില്‍വച്ചു നടക്കുന്ന ഫോമാ ദേശീയ കണ്‍വന്‍ഷനിലേക്ക് പ്രസ്ക്ളബ് അംഗങ്ങളെ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് കത്തു നല്‍കി. അതോടൊപ്പം ഫോമയുടെ ഒരു ദേശീയ സമിതിയംഗം ഇന്നയിച്ച ചില വിഷയങ്ങളെ സംബന്ധിച്ചും അദ്ദേഹം മറുപടി നല്കി. ഫോമയെന്ന പ്രസ്ഥാനത്തിന് നാളിതുവരെ പ്രസ്ക്ളബ് നല്‍കിയ പിന്തുണക്ക് ആനന്ദന്‍ നിരവേല്‍ നന്ദി രേഖപ്പെടുത്തി.

ഫോമാ കണ്‍വന്‍ഷനില്‍ ഇന്ത്യാ പ്രസ്ക്ളബ് അംഗങ്ങള്‍ പങ്കെടുക്കുമെന്നും അമേരിക്കന്‍ മലയാളിസംഘടനകളും മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്നും മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിന് ഈ സഹകരണം മുതല്‍ക്കൂട്ടാവുമെന്നും ഇന്ത്യ പ്രസ്ക്ളബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു.

കൂടാതെ പ്രസ്ക്ളബ്-ഫോമാ ബന്ധം പുനഃസ്ഥാപിക്കാന്‍ സഹകരിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഫോമാ നേതൃത്വത്തിനെയും യോഗം അഭിനന്ദിച്ചു.