മാധ്യമ ശില്പശാല സംഘടിപ്പിച്ചു
Monday, June 6, 2016 8:21 AM IST
റിയാദ്: ഇന്ത്യന്‍ മീഡിയ ഫോറം സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല വേറിട്ട അനുഭവമായി. ബത്ഹ റമദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമാണെന്നു അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം. അപ്പോള്‍ മാത്രമാണ് ദുരിതം നേരിടുന്ന പ്രവാസികള്‍ക്ക് ഫലപ്രദമായ സഹായം എത്തിക്കാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ത്തയുടെ ഉറവിടം, വാര്‍ത്ത തയാറാക്കല്‍, വാര്‍ത്താ നിരൂപണം, മാധ്യമ സംവാദങ്ങള്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. നജിം കൊച്ചുകലുങ്ക് ആമുഖ പ്രഭാഷണം നടത്തി. പത്രഭാഷ എന്ന വിഷയം നസ്റുദ്ദീന്‍ വി.ജെയും ദൃശ്യഭാഷ റബീഹ് മുഹമ്മദും അവതരിപ്പിച്ചു. ചോദ്യോത്തര സെഷനു ഇനാം റഹ്മാന്‍ നേതൃത്വം നല്‍കി. ഷക്കീബ് കൊളക്കാടന്‍, അഷ്റഫ് വേങ്ങാട്ട്, ബഷീര്‍ പാങ്ങോട്, സുലൈമാന്‍ ഊരകം, റഷീദ് ഖാസിമി, ഷംനാദ് കരുനാഗപ്പളളി, അക്ബര്‍ വേങ്ങാട്ട്, ഗഫൂര്‍ മാവൂര്‍ എന്നിവര്‍ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു.

മീഡിയ ഫോറം അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയ ഫര്‍സീന്‍ വേങ്ങാട്ട്, ഫാത്തിമ ബഷീര്‍, ചിത്രരചനയില്‍ പ്രതിഭ തെളിയിച്ച ഫാത്തിമ ജവാഹിര്‍ എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. സ്കൂളുകള്‍, പോളിക്ളിനിക്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പിആര്‍ഒ മാരും അന്‍പത് സംഘടനകളില്‍ നിന്നായി നൂറോളം പ്രതിനിധികളും ശില്പശാലയില്‍ പങ്കെടുത്തു. ലുലു ഹൈപ്പര്‍, മലബാര്‍ ഗോള്‍ഡ്, അല്‍ മദീന ഹൈപ്പര്‍, സിറ്റി ഫ്ളവര്‍, ഷിഫ അല്‍ ജസീറ പോളിക്ളിനിക് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍