നിരോധ ഉത്തരവു മറികടന്ന് ഗ്രാജ്വേഷന്‍ സെറിമണിയില്‍ പ്രാര്‍ഥന
Monday, June 6, 2016 6:26 AM IST
മോണ്ട്ഗോമറി: നിരീശ്വര വാദികളുടെ എതിര്‍പ്പിനെ മറി കടന്നു ഹൈസ്കൂള്‍ ഗ്രാജ്വേഷന്‍ സെറിമണിയില്‍ പ്രാര്‍ഥന ചൊല്ലി കൊടുത്ത് ജോനാഥന്‍ മോണ്ട് ഗോമറി സദസിനെ അദ്ഭതപ്പെടുത്തി.

കഴിഞ്ഞ 70 വര്‍ഷമായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങള്‍ തുടരുന്നതു മതസ്വാതന്ത്യ്രത്തിന് എതിരാണെന്നു ചൂണ്ടികാട്ടി ഈസ്റ് ലിവര്‍പൂള്‍ ഹൈസ്കൂള്‍ അധികൃതര്‍ക്ക് വിസ്കോണ്‍സില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഫ്രം റിലിജിയന്‍ ഫൌണ്േടഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗ്രാജുവേഷന്‍ സെറിമണിയില്‍ പ്രാര്‍ഥന നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

സെറിമണി തുടങ്ങുന്നതിന് മുമ്പ് സ്റേജില്‍ എത്തിയ സ്കൂള്‍ വാലിഡിക്ടോറിയനായ ജോനാഥന്‍ മൈക്കിനു മുമ്പില്‍ നിന്നും സധൈര്യം പ്രാര്‍ഥന ചൊല്ലി തുടങ്ങിയപ്പോള്‍ സ്റേജിലുണ്ടായിരുന്ന അധ്യാപകരും ഓഡിറ്റോറിയത്തിലിരുന്ന വിദ്യാര്‍ഥികളും ജോനാഥനോടൊപ്പം ചേര്‍ന്നു. ഓഡിറ്റോറിയത്തില്‍ ഇരുന്നിരുന്ന നിരീശ്വര വാദികള്‍ ബഹളം വച്ചുവെങ്കിലും ഇതിനെയെല്ലാം അവഗണിച്ചു പ്രാര്‍ഥന പൂര്‍ത്തിയാക്കി.

സ്കൂള്‍ അധികൃതരുടെ ഉത്തരവു ലംഘിച്ച ജോനാഥാനെതിരെ നടപടികള്‍ ഉണ്ടാകുമോ എന്ന് പറയാന്‍ അധികൃതര്‍ തയാറായില്ല. നിയമ നടപടികള്‍ ഒഴിവാക്കുന്നതിനാണ് പ്രാര്‍ഥന ഗീതം സെറിമണിയില്‍ നിന്നും മാറ്റിയതെന്നു സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍