സൌദിയില്‍ എന്‍ജിനിയര്‍മാര്‍ക്കു യോഗ്യത പരീക്ഷയും അഭിമുഖവും നിര്‍ബന്ധമാക്കി
Monday, June 6, 2016 6:23 AM IST
ദമാം: സൌദിയില്‍ എത്തുന്ന വിദേശികളായ എന്‍ജിനിയര്‍മാര്‍ക്കു യോഗ്യത പരീക്ഷയും അഭിമുഖവും നിര്‍ബന്ധമാക്കി. മാത്രവുമല്ല വിദേശികളായ എന്‍ജിനിയര്‍മാര്‍ക്കു സൌദിയില്‍ ജോലി ചെയ്യുന്നതിനു മൂന്നു വര്‍ഷം അനുഭവ പരിചയം നിര്‍ബന്ധമാണെന്നും സൌദി എന്‍ജിനിയറിംഗ് കൌണ്‍സില്‍ മേധാവി ഡോ. ജമീല്‍ അല്‍ ബഖ്ആവി പറഞ്ഞു.

രാജ്യത്തെ വിവിധ പദ്ധതികളുടെ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടിയാണ് പുതിയ നിബന്ധന കൊണ്ടു വന്നതെന്നു അദ്ദേഹം പറഞ്ഞു. ഇതിനായി വിദേശ എന്‍ജിനിയര്‍മാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനും യോഗ്യത പരീക്ഷക്കും അവരുമായുള്ള അഭിമുഖത്തിനും കൌണ്‍സിലിന്റെ പ്രത്യേക സമിതിയേയും നിയോഗിച്ചിട്ടുണ്ട്.

പല റിക്രൂട്ട്മെന്റ് കമ്പനികളും പഠനം കഴിഞ്ഞു പുറത്തിറങ്ങിയവരെയും അനുഭവ പരിചയവുമില്ലാത്തവരുമായ എന്‍ജിനിയര്‍മാരെയും സൌദിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇതു പല പദ്ദതികളുടെയും തകര്‍ച്ചയ്ക്കു കാരണമായി.

ഇതേ തുടര്‍ന്നു കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് വിദേശ എന്‍ജിനിയര്‍മാര്‍ക്കു മൂന്നു വര്‍ഷത്തെ അനുഭവ പരിചയം വേണമെന്നു നിര്‍ദേശിച്ചത്.

എന്‍ജിനിയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമേ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അഭിമുഖവും കഴിയാതെ ഇഖാമ അനുവദിക്കരുതെന്നു കിരീടവകാശി നിര്‍ദേശിച്ചിട്ടുണ്െടന്നു ഡോ. ജമീല്‍ അല്‍ ബഖ്ആവി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം