സൌദിയില്‍ മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രാബല്യത്തിലായി
Monday, June 6, 2016 6:22 AM IST
ദമാം: തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മൊബൈല്‍ ഫോണ്‍ വിപണന മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ ആദ്യ ഘട്ടം ജൂണ്‍ ആറു മുതല്‍ പ്രാബല്യത്തില്‍ വരും.

മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി അന്‍പതിനായിരം സ്വദേശികള്‍ പരിശീലനം പൂര്‍ത്തിയാക്കിയതായി സൌദി സാങ്കേതിക പരിശീലന കോര്‍പറേഷനും തൊഴില്‍ മന്ത്രാലയവും വ്യക്തമാക്കി.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണന കേന്ദ്രങ്ങളിലും അറ്റകുറ്റ പണി നടത്തുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിനു തൊഴില്‍ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ഉത്തരവിറക്കിയത്.

രണ്ടു ഘട്ടമായാണ് ഈ മേഘലയില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ഈ മേഖലയില്‍ 50 ശതമാനം സ്വദേശിവത്കരണം പാലിക്കണം. സെപ്റ്റംബര്‍ രണ്േടാടെ ഈ മേഖലയില്‍ നൂറു ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരിക്കണം എന്നാണ് ഉത്തരവ്.

ഇന്ത്യക്കാരടക്കം പതിനായിരക്കണക്കിനു വിദേശികള്‍ ജോലിചെയ്തിരുന്ന ഈ മേഖലയില്‍ സൌദിവത്കരണം കര്‍ശനമാക്കിയതോടെ ജോലി നഷ്ടപ്പെട്ടവര്‍ നിരവധിയാണ്.

സ്വദേശിവത്കരണത്തിനുള്ള സമയ പരിധി അവാസാനിച്ചതോടെ സൌദിയുടെ പലസ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വിപണന കേന്ദ്രങ്ങളില്‍ നിന്നും വിദേശികളായ ജീവനക്കാര്‍ ഒഴിഞ്ഞു പോയതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശികള്‍ നടത്തിയിരുന്ന നിരവധി മൊബൈല്‍ ഫോണ്‍ കടകളും അടച്ചുപൂട്ടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം