പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വാഷിംഗ്ടണ്‍ ഒരുങ്ങുന്നു
Monday, June 6, 2016 5:12 AM IST
വാഷിംഗ്ടണ്‍ ഡിസി: മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ജൂണ്‍ ആറാംതീയതി വാഷിംഗ്ടണില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വാഷിംഗ്ടണ്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രിയായതിനുശേഷം ഇതു നാലാം തവണയാണു പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്.

ജൂണ്‍ ഏഴാംതീയതി പ്രസിഡന്റ് ബറാക് ഒബാമയെ വൈറ്റ് ഹൌസില്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എട്ടാംതീയതി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണു മോദി. രാജീവ് ഗാന്ധിക്കാണ് ഈ അവസരം ആദ്യം ലഭിച്ചത്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചശേഷം, സെനറ്റ് ആന്‍ഡ് ഫോറിന്‍ റിലേഷന്‍സ് പാനലൊരുക്കുന്ന ഉച്ചഭക്ഷണ സത്കാരത്തിലും എട്ടാം തീയതി പ്രധാനമന്ത്രി പങ്കെടുക്കും. യുഎസ്- ഇന്ത്യ ബിസിനസ് കൌണ്‍സില്‍ ഒരുക്കുന്ന ഡിന്നര്‍ മീറ്റിംഗിലും ഏഴാംതീയതി പ്രധാനമന്ത്രി പങ്കെടുക്കും.

ഏഴാംതീയതി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധം, ഊര്‍ജം, സുരക്ഷാ വിഷയങ്ങളില്‍ രണ്ടു നേതാക്കളും ചര്‍ച്ചകള്‍ നടത്തും. ജൂണ്‍ ആറാംതീയതി ഉച്ചയ്ക്ക് വാഷിംഗ്ടണിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് ബേസിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നൂറില്‍പ്പരം ഇന്ത്യന്‍ - അമേരിക്കന്‍ കമ്യൂണിറ്റി നേതാക്കളും എത്തിച്ചേരും. ജൂണ്‍ എട്ടാംതീയതി ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം