ജയിന്‍ ജേക്കബ് സിപിഎ റോക്ക്ലാന്‍ഡ് റെന്റ് ഗൈഡ് ലൈസന്‍സ് ബോര്‍ഡില്‍
Monday, June 6, 2016 5:11 AM IST
ന്യൂസിറ്റി, ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് കൌണ്ടി റെന്റ് ഗൈഡ് ലൈസന്‍സ് ബോര്‍ഡിലേക്ക് ജയിന്‍ ജേക്കബ് സിപിഎ അടക്കം നാലുപേരെ കൌണ്ടി ലെജിസ്ളേറ്റര്‍ ശിപാര്‍ശ ചെയ്തു. ഇവര്‍കൂടി അംഗങ്ങളാകുന്നതോടെ ഒമ്പതംഗ ബോര്‍ഡ് പൂര്‍ണമാകും.

'ഓരോ രംഗത്തും മികവുറ്റതും വ്യത്യസ്തവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് ഈ നാലുപേരും. കൌണ്ടിയോടുള്ള പ്രതിബദ്ധത ഇതിനകം തെളിയിച്ചിട്ടുള്ള അവര്‍, അവരുടെ വൈദഗ്ധ്യം പങ്കുവെയ്ക്കാന്‍ തയാറായി' ലെജിസ്ളേറ്റീവ് ചെയര്‍മാന്‍ ആല്‍ഡന്‍ എച്ച്. വൂള്‍ഫ് ചൂണ്ടിക്കാട്ടി.

വാടക നിജപ്പെടുത്തിയിരിക്കുന്ന ഹാവര്‍സ്ട്രോയിലേയും, സ്പ്രിംഗ് വാലിയിലേയും കെട്ടിടങ്ങളില്‍ വാടക എത്രത്തോളം വര്‍ദ്ധിപ്പിക്കാമെന്നും മറ്റും തീരുമാനിക്കുന്നത് ബോര്‍ഡാണ്. കൌണ്ടി ലെജിസ്ളേച്ചറിന്റെ ശുപാര്‍ശയില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹൌസിംഗ് ആന്‍ഡ് കമ്യൂണിറ്റി റിന്യൂവല്‍ കമ്മീഷണരാണു നിയമനം നടത്തുന്നത്. വാടകക്കാരെ പ്രതിനിധീകരിക്കുന്ന രണ്ടു പേരും, കെട്ടിട ഉടമകളെ പ്രതിനിധീകരിക്കുന്ന രണ്ടുപേരും ജനപ്രതിനിധികളായ അഞ്ചുപേരും ചേര്‍ന്നതാണ് ബോര്‍ഡ്. സാമ്പത്തികം, ഹൌസിംഗ് മേഖലകളില്‍ അഞ്ചുവര്‍ഷത്തെ പരിചയമുള്ളവരാണ് അംഗങ്ങളാകുക.

ഐക്യകണ്ഠ്യേനയാണ് നാലുപേരെ കൌണ്ടി ലെജിസ്ളേറ്റര്‍ നോമിനേറ്റ് ചെയ്തത്. സിപിഎക്ക് ശേഷം എംബിഎയ്ക്ക് പഠിച്ചുകൊണ്ടിരിക്കെ ന്യൂയോര്‍ക്ക് സിറ്റി ഫൈനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായ ജയിന്‍ ജേക്കബ് പിന്നീട് ഏറ്റവും വലിയ അക്കൌണ്ടിംഗ് സ്ഥാപനമായ ഡിലോയിറ്റില്‍ ടാക്സ് സീനിയര്‍ മാനേജരായിരുന്നു. 2007 മുതല്‍ ന്യൂസിറ്റിയില്‍ ഫൈനാന്‍സ് ടാക്സ് പ്രാക്ടീസ് നടത്തുന്നു.

രാമപ്പോ കാറ്റ്സ്കില്‍ ലൈബ്രറി സിസ്റം ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്ന ജെയിന്‍ ന്യൂയോര്‍ക്ക് സ്റേറ്റ് സൊസൈറ്റി ഓഫ് സിപിഎ പേഴ്സണല്‍ ആന്‍ഡ് ഫൈനാന്‍സ് കമ്മിറ്റി അംഗമാണ്. റോക്ക്ലാന്‍ഡ് കൌണ്ടി സിപിഎ ബോര്‍ഡ് അംഗവുമാണ്. ഷിക്കാഗോ ഡയോസിസ് പാസ്ററല്‍ കൌണ്‍സില്‍ അംഗമായിരുന്നു. റോക്ക്ലാന്‍ഡ് സീറോ മലബാര്‍ സെന്റ് മേരീസ് മിഷന്‍ ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ്. ഭാര്യ: ഡോ. റീന ജേക്കബ്.