ഡോ. എന്‍.കെ സാമുവേല്‍ നിര്യാതനായി
Monday, June 6, 2016 5:10 AM IST
വിഷിംഗ്ടണ്‍ ഡിസി: പ്രമുഖ അമേരിക്കന്‍ മലയാളി ഡോ. എന്‍.കെ. സാമുവേല്‍ (92) ജൂണ്‍ രണ്ടിനു വാഷിംഗ്ടണില്‍ നിര്യാതനായി. ദീര്‍ഘകാലം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. സാമുവേല്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ആദ്യകാല പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു.

ഫൊക്കാനയുടെ തുടക്കത്തില്‍ നേതൃനിരയിലുണ്ടായിരുന്ന ഡോ. സാമുവേലിന്റെ ഭവനത്തിലായിരുന്നു സംഘടനയുടെ പിറവി. അക്കാലത്ത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഡോ. കെ.ആര്‍. നാരായണനടക്കം ഫൊക്കാനയുടെ ആദ്യകാല നേതാക്കള്‍ ഒത്തുകൂടി ദേശീയ സംഘടന എന്ന ആശയം മുന്നോട്ടുവെച്ചതും, ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും ഡോ. സാമുവേലിന്റെ ഭവനത്തില്‍ നടന്ന യോഗത്തിലായിരുന്നു.

പിന്നീടു നാഷണല്‍ കൌണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് എന്ന സംഘടന രൂപീകരിച്ച് ദീര്‍ഘകാലം സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2008-ല്‍ ഫോമ രൂപീകൃതമായപ്പോള്‍ ഫോമയില്‍ സജീവമായി പങ്കെടുക്കുകയും വാഷിംഗ്ടണ്‍ റീജന്റെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നു.

ജൂണ്‍ ഏഴാംതീയതി വൈകിട്ട് അഞ്ചു മുതല്‍ ഏഴുവരെ മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിംഗിലുള്ള റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ ഭൌതികശരീരം പൊതുദര്‍ശനത്തിനുവയ്ക്കുകയും എട്ടാം തീയതി രാവിലെ പത്തിനു സ്പെന്‍സര്‍വില്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ് ചര്‍ച്ചില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 301 384 2441.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം