കുവൈത്തില്‍ കന്തീശങ്ങളുടെ തിരുനാള്‍ ജൂണ്‍ 19ന്
Saturday, June 4, 2016 8:47 AM IST
കുവൈത്ത്: എഡി 826 ല്‍ സ്ഥാപിതമായി എന്നു വിശ്വസിക്കപ്പെടുന്ന കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ആചരിച്ചു വരുന്ന വിശുദ്ധരായ കന്തീശങ്ങളുടെ തിരുനാള്‍ ആദ്യമായി കുവൈത്തില്‍ ആഘോഷിക്കുന്നു.

ജൂണ്‍ 19നു (ഞായര്‍) വൈകുന്നേരം 6.45നു അബാസിയായിലെ വിശുദ്ധ ഡാനിയേല്‍ കമ്പോണി പള്ളിയിലാണ് തിരുനാള്‍ ആഘോഷം. സീറോ മലബാര്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. അടിമ വയ്ക്കുന്നതിനും തൂവല്‍ എടുത്തുള്ള നേര്‍ച്ച നടത്തുന്നതിനും സൌകര്യമുണ്ടായിരിക്കും.

തിരുനാളിന്റെ ഭാഗമായി ജൂണ്‍ 11 മുതല്‍ 19 വരെ നൊവേന ഉണ്ടായിരിക്കും. തിരുനാള്‍ ദിവസം ഒഴികെയുള്ള ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലാണ് നൊവേന ക്രമീകരിച്ചിരിക്കുന്നത്.

കുവൈത്തിലെ കോതനല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ തിരുനാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് കന്തീശങ്ങളുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മുഴുവന്‍ പ്രവാസി വിശ്വാസികളെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജിജോ മുണ്ടുമൂഴിക്കര 51335590, സണ്ണി ആനിത്തോട്ടത്തില്‍ 99055482, ജയ്സണ്‍ മുണ്ടപ്ളാക്കല്‍ 97993417, ഷിബു ഇടത്തിനകം 66170847.