ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്വല തുടക്കം
Friday, June 3, 2016 8:22 AM IST
ദോഹ: ഐക്യ രാഷ്ട്ര സംഘടനയുടെ എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്വലതുടക്കം. നൂറു കണക്കിനു രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും പരിസ്ഥി പ്രവര്‍ത്തകരും നിറഞ്ഞ സദസില്‍ ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകരയും ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞിയും ചേര്‍ന്നാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പരിസ്ഥിതി ബോധവത്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ ഇരുവരും സൂചിപ്പിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന പരിസ്ഥിതി നിലനിര്‍ത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. നമ്മുടെ തെറ്റായ നിലപാടുകളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുന്നുവെന്നത് വളരെ ഗൌരവമേറിയ വിഷയമാണ്. ഇതിന് എന്ത് പരിഹാരമാണ് ചെയ്യാന്‍ കഴിയുകയെന്ന് ചിന്തിക്കുകയും പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കുകയും വേണം. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യമേഖലയിലുമുള്ള കൂട്ടായ പങ്കാളിത്തത്തിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ക്രിയാത്മകമായി നേരിടുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

അന്തരീക്ഷ താപനിലയിലെ വര്‍ധനവ്, മാലിന്യപെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം, വ്യവസായവത്കരണം തുടങ്ങി ഗൌരവമേറിയ പല പാരിസ്ഥിക പ്രശ്നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്റി സ്മോക്കിംഗ് സൊസൈറ്റി സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഗവണ്‍മെന്റ് തലത്തിലും സന്നദ്ധ സംഘങ്ങളുടെ ഭാഗത്തുനിന്നുമൊക്കെയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം ഓരോരുത്തരും പരിസ്ഥിതി സംരക്ഷണം ഗൌരവമായി എടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഉദ്ബോധിപ്പിച്ചപ്പോള്‍ കുരുന്നു പ്രതിഭകള്‍ പരിസ്ഥിതി ദിന സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പ്ളക്കാര്‍ഡുകളും പെയിന്റിംഗുകളും ഉയര്‍ത്തിപ്പിടിച്ചാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആന്റി സ്മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും ചേര്‍ന്നു നടത്തിയ പരിസ്ഥിതി സംരക്ഷണ മാര്‍ച്ച് സന്ദേശ പ്രധാനമായിരുന്നു.

എന്റെ പരിസ്ഥിതിയെ മലിനപ്പെടുത്തരുത്, വൃത്തിയുളളതും സുരക്ഷിതവുമായ പരിസ്ഥിതി സംബന്ധിച്ച എന്റെ സ്വപ്നം എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന പെയിന്റിംഗ് മല്‍സരത്തില്‍ ഖത്തറിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിസ്ഥിതി സംബന്ധിച്ച കുരുന്നു പ്രതിഭകളുടെ കാഴ്ചപ്പാടുകളും സങ്കല്‍പങ്ങളും ഏറെ നിലവാരമുള്ളതും കാര്യമാത്ര പ്രസക്തവുമണെന്നു അവരുടെ രചനകള്‍ ഉദ്ഘോഷിച്ചു. മല്‍സര വിജയികളെ ജൂണ്‍ അഞ്ചിനു (ഞായര്‍) വൈകുന്നേരം ആറിനു ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാചരണണ ചടങ്ങില്‍ ആദരിക്കുമെന്നും കുരുന്നു പ്രതിഭകളുടെ സമ്മാനാര്‍ഹമായ പെയിന്റിംഗുകളുടെ പ്രദര്‍ശനം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

ആന്റി സ്മോക്കിംഗ് സൊസൈറ്റി നിര്‍വാഹക സമിതി അംഗങ്ങളായ ജൌഹറലി, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, അഫ്സല്‍ കിളയില്‍, ഷറഫുദ്ദീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, ഷബീറലി കൂട്ടില്‍, സിയാഹുറഹ്മാന്‍, സൈദലവി അണ്േടക്കാട്, ജോജിന്‍ മാത്യു, നിഥിന്‍ തോമസ്, മാത്യൂ തോമസ്, കാജാ ഹുസന്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.