ട്രംപിനു പിന്തുണ പ്രഖ്യാപിച്ച് പോള്‍ റയാന്‍
Friday, June 3, 2016 5:29 AM IST
വാഷിംഗ്ടണ്‍: നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും വാദപ്രതിവാദങ്ങള്‍ക്കും വിരാമമിട്ട് റിപ്പബ്ളിക്കന്‍ പാര്‍ട്ടി മെജോറട്ടി ലീഡറും ഹൌസ് സ്പീക്കറുമായ പോള്‍ റയാന്‍ ഡൊണാള്‍ഡ് ട്രംപിനു പിന്തുണ പ്രഖ്യാപിച്ചു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി അജന്‍ഡ നടപ്പാക്കുന്നതില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന വിശ്വാസമാണു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനു വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു ജൂണ്‍ രണ്ടിനു പുറത്തിറിക്കിയ പത്രക്കുറിപ്പില്‍ പോള്‍ റയാന്റെ ഓഫീസ് അറിയിച്ചു.

യുഎസ് ഹൌസ് മെജോറട്ടി ലീഡറുടെ പിന്തുണ ഉറപ്പാക്കിയതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയ സാധ്യത വര്‍ധിച്ചു. സ്റേറ്റ് സെക്രട്ടറി പദവിയിലിരിക്കുമ്പോള്‍ ഇ-മെയില്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ നിര സ്ഥാനാര്‍ഥി ഹില്ലരിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടതോടെ ജന പിന്തുണയില്‍ സാരമായ കുറവു സംഭവിച്ചതും മറ്റൊരു സ്ഥാനാര്‍ഥിയായ ബര്‍ണി സാന്‍ഡേഴ്സ് ഹില്ലരിക്കെതിരെ ശക്തമായി ആഞ്ഞടിച്ചതും ഹില്ലരിയുടെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. ഇതോടെ നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നുളളത് പ്രവചനാതീതമാണ്.

ജൂണ്‍ ഏഴിനു നടക്കുന്ന കലിഫോര്‍ണിയ തെരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ബര്‍ണി സാന്റേഴ്സാണ് വിജയിക്കുന്നതെങ്കില്‍ ഹില്ലരിയുടെ സ്ഥാനാര്‍ഥിത്വം പരുങ്ങലിലാകും. ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ ഹില്ലരിക്കു തന്നെയാണ് മുന്‍ തൂക്കമെങ്കിലും തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍വരെ ബര്‍ണി പൊരുതാന്‍തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍