സൌദിയില്‍ തടവുകാര്‍ക്ക് രാജാവ് ഇളവു പ്രഖ്യാപിച്ചു
Friday, June 3, 2016 5:24 AM IST
ദമാം: റംസാനോടനുബന്ധിച്ചു ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ഇളവില്‍ ജയില്‍ മോചനത്തിനു അര്‍ഹരായവരെ കണ്െടത്തുന്നതിനു വിവിധ ഗവര്‍ണറേറ്റിനു കീഴിലുള്ള സമിതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

കൊലപാതകം, കവര്‍ച്ച, ബലാത്സംഗം, തട്ടിപ്പു നടത്തല്‍, ആയുധങ്ങളും സ്ഫോടകവസ്തുക്കളും നിര്‍മിക്കല്‍, വണ്ടിചെക്ക് നല്‍കല്‍, പ്രവാചകന്‍മാരേയും വിശുദ്ധ ഖുര്‍ആനേയും ആക്ഷേപിക്കല്‍, മദ്യനിര്‍മാണം, വിപണനം, ബിനാമി ബിസിനസ്, വ്യാജ വസ്തുക്കള്‍ വില്പന നടത്തല്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപെട്ടവര്‍ക്കു ജയില്‍മോചനത്തിനുള്ള ഇളവു ലഭിക്കില്ല.

വ്യാജരേഖ ചമച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമോ അതില്‍ കുറവോ ആണെങ്കില്‍ മോചനത്തിനു പരിഗണിക്കും. റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ അടയ്ക്കുകയും ഇതുമായി ബന്ധപ്പെട്ട ദിയ ധനം നല്‍കിയവരേയും മോചിപ്പിക്കും. നിയമ ലംഘനങ്ങളുടെ പേരില്‍ അഞ്ചു ലക്ഷം റിയാലില്‍ കൂടാത്ത സംഖ്യ പിഴ ശിക്ഷ ലഭിച്ചവര്‍ക്ക് ഇത് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്കും രാജാവിന്റെ ഇളവു ലഭിക്കും. ഇളവു ലഭിച്ചു ജയില്‍മോചിതരാകുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം