യുവതലമുറയുടെ വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കുന്ന 'തിയോളജി ഓഫ് ബോഡി സെമിനാര്‍' നടത്തി
Friday, June 3, 2016 5:02 AM IST
ഫ്ളോറിഡ: പ്രതികൂലമായ സാമൂഹ്യാവസ്ഥകളില്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ആഴമായ ക്രൈസ്തവബോധ്യം എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന വിഷയത്തില്‍ 'തിയോളജി ഓഫ് ബോഡി'യെ (ശരീരത്തിന്റെ ദൈവശാസ്ത്രം) ആസ്പദമാക്കി ഫ്ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്സിലുള്ള സീറോ മലബാര്‍ പള്ളിയില്‍ വച്ച് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി ഏകദിന സെമിനാര്‍ നടത്തുകയുണ്ടായി. രാവിലെ ഒമ്പതിനു ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ (വികാരി, ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്) അച്ചന്റെ നേതൃത്തത്തിലുള്ള ദിവ്യബലിയോടെ സെമിനാര്‍ ആരംഭിച്ചു. 'തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്' മിനിസ്ട്രിയുടെ പ്രസിഡന്റ് ബാബു ജോണിന്റെ നേതൃത്വത്തിലായിരുന്നു സെമിനാര്‍.

ധാര്‍മികമായ വെല്ലുവിളികള്‍ ഉയരുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറയെ എങ്ങനെ സഹായിക്കാന്‍ സാധിക്കുമെന്നും, പ്രതികൂലമായ സാമൂഹ്യാവസ്ഥകളില്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ആഴമായ ക്രെെസ്തവബോധ്യം വളര്‍ത്തിയെടുക്കാനും ധാര്‍മികജീവിതത്തില്‍ അഭിവൃദ്ധിപ്രാപിക്കാനും എന്തു ചെയ്യണം എന്നുള്ള ചര്‍ച്ചകളും പ്രയോഗിക നിര്‍ദേശങ്ങളും സെമിനാറില്‍ പ്രധാന പഠന വിഷയങ്ങളായിരുന്നു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1979 മുതല്‍ 1984 വരെ നടത്തിയ ബുധനാഴ്ച പ്രഭാഷണങ്ങളുടെ സമാഹാരമാണ് തിയോളജി ഓഫ് ബോഡി (ശരീരത്തിന്റെ ദൈവശാസ്ത്രം). ശരീരത്തിന്റെയും ആത്മാവിന്റെയും സൃഷ്ടിപരമായ ഒരു ഉള്‍കാഴ്ചയെന്ന നിലയില്‍ സുപ്രധാനമാണ് പാപ്പയുടെ ഈ പ്രബോധനം. സെമിനാറില്‍ പങ്കെടുത്തവര്‍ക്കെല്ലാം പുത്തന്‍ ബോധ്യങ്ങളും പ്രതീക്ഷകളും പകരുന്നതായിരുന്നു.

വളര്‍ന്നുവരുന്ന തലമുറ ശരീരത്തിന്നും ലൈംഗികതയ്ക്കും വിശ്വാസത്തിനുമെതിരായ ഒരായിരം ചോദ്യങ്ങളില്‍ തപ്പിത്തടയുമ്പോള്‍ അവരെ നേര്‍വഴി നയിക്കാന്‍ ഇത്തരം സെമിനാറുകള്‍ പ്രയോജനപ്പെടുമെന്നു ഫാ.കുര്യാക്കോസ് കുമ്പക്കീല്‍ സന്ദേശത്തില്‍ പറഞ്ഞു. ബാബു ജോണിന്റെ നേതൃത്വത്തിലുള്ള 'തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്' മിനിസ്ട്രിയിലൂടെ അമേരിക്കയിലും പുറത്തുമുള്ള എല്ലാ ഇടവകളിലേക്കും ഈ മഹത്തായ സന്ദേശം എത്രയുംവേഗം എത്തിക്കാന്‍ പരിശുദ്ധാത്മാവ് സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബാബു ജോണ്‍ (ഫോണ്‍: 1 214 934 3928.), ഈമെയില്‍: ഠഛആഎഛഞഘകഎഋ@ഏങഅകഘ.ഇഛങ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം