'കമല സുരയ്യ ആത്മാനുഭവങ്ങളെ എഴുത്തിന്റെ വിഭവമാക്കിയ കഥാകാരി'
Thursday, June 2, 2016 5:47 AM IST
അബുദാബി: തന്നെത്തന്നെ എഴുത്തിന്റെ വിഭവമാക്കി സാഹിത്യ രചന നടത്തിയവര്‍ ലോകത്തുതന്നെ വളരെ വിരളമാണെന്നും അത്തരത്തില്‍ ആത്മാനുഭവങ്ങളെ എഴുത്തിന്റെ ഭാഗമാക്കിയ കഥാകാരിയായിരുന്നു കമല സുരയ്യ എന്നും പ്രശസ്ത കവിയും നാടകപ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ മുരളി അഭിപ്രായപ്പെട്ടു. 'നീര്‍മാതാളം മുതല്‍ ഗുല്‍മോഹര്‍ വരെ' എന്ന ശീര്‍ഷകത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗം സംഘടിപ്പിച്ച കമല സുരയ്യ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എന്റെ കഥ ആത്മകഥയല്ല എന്നു മാധവിക്കുട്ടി വെളിപ്പെടുത്തും വരെ എല്ലാവരും വിശ്വസിച്ചിരുന്നത് അവരുടെ ആത്മകഥയാണെന്നാണ്. കപട സദാചാരത്തിന്റെ പൊയ്മുഖമണിഞ്ഞ് പലരും പറയാന്‍ മടിച്ചതും എന്നാല്‍ എല്ലാവരുടേയും നിത്യജീവിതത്തില്‍ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് മാധവിക്കുട്ടി തുറന്നെഴുതിയത്. അതിന് അവര്‍ വിഭവമാക്കിയത് സ്വന്തം ജീവിതമായിരുന്നു. എന്റെ കഥ നിന്റെ കഥയാണെന്നു സ്ഥാപിക്കുവാന്‍ അവര്‍ സാഹിത്യത്തില്‍ ആത്മബലി നടത്തുകയായിരുന്നു.

മനുഷ്യ ജീവിതത്തില്‍ കറുപ്പും വെളുപ്പും മാത്രമല്ല, ചാരനിറവുമുണ്ട്. ആ ചാരനിറത്തിലുള്ള മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുക കൂടിയാണ് കമല സുരയ്യ ചെയ്തത്. അതിനുതന്നെത്തന്നെ വിഷയമാക്കുകയായിരുന്നു. സാഹിത്യത്തില്‍ ആത്മബലി നടത്തിയ ലോകത്തിലെ ഒരേയൊരു എഴുത്തുകാരിയാണ് കമല സുരയ്യ.

സെന്റര്‍ വനിതാവിഭാഗം കണ്‍വീനര്‍ മിനി രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡന്റ് പി. പത്മനാഭന്‍ ആശംസ നേര്‍ന്നു. അനന്തലക്ഷ്മി നെയ്പായസം എന്ന കഥയും രജനി ഉന്‍മാദം എന്റെ രാജ്യമാണ് എന്ന കവിതയും അവതരിപ്പിച്ചു. വനിതാ വിഭാഗം ജോ. കണ്‍വീനര്‍മരായ ബിന്ദു ഷോബി, ലിഖിതാ റയിസ് എന്നിവര്‍ സംസാരിച്ചു.

അനുസ്മരണത്തോടനുബന്ധിച്ച് കമല സുരയ്യയുടെ പുസ്തകങ്ങളുടേയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും പ്രദര്‍ശനവും, മാധവിക്കുട്ടി മലയാളത്തിന്റെ ചന്ദനഗന്ധം എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും അനുസ്മരണ പരിപാടിക്ക് ഏറെ ചാരുതയേകി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള