അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഹില്ലരിക്ക് മൂന്‍തൂക്കമെന്നു സര്‍വേ
Thursday, June 2, 2016 5:45 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ളിന്റണും ഡൊണാള്‍ഡ് ട്രംപും നേര്‍ക്കുനേര്‍ വന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹില്ലരിക്ക് നേരിയ മുന്‍തൂക്കം ഉണ്ടാകുമെന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേ പറയുന്നു.

ട്രംപ് യൂണിവേഴ്സിറ്റിക്കെതിരെയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ആരോപണം. കാലിഫോര്‍ണിയായില്‍ 2005ല്‍ ട്രംപ് ആരംഭിച്ച യൂണിവേഴ്സിറ്റി കബളിപ്പിക്കലാണെന്നു ചില മുന്‍ ജീവനക്കാര്‍ ആരോപിച്ചു. 93 ശതമാനം ഓഹരികളാണ് യൂണിവേഴ്സിറ്റിയില്‍ ട്രംപിന് ഉണ്ടായിരുന്നത്. തുടക്കം മുതല്‍ യൂണിവേഴ്സിറ്റിയുടെ ചീഫ് പ്രമോട്ടര്‍ ആണ് താന്‍ എന്ന ധാരണയാണ് ട്രംപ് നല്‍കിയത്. യൂണിവേഴ്സിറ്റിയുടെ ക്ളാസുകള്‍ നിങ്ങളെ സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ ശക്തരാക്കും. ഇത് ആയിരക്കണക്കിനു അമേരിക്കക്കാരെ സാമ്പത്തിക ഭദ്രതയുള്ള ജീവിതം നയിക്കുവാന്‍ പ്രാപ്തരാക്കും. ഏറ്റവും നല്ല ബിസിനസ് സ്കൂളിനേക്കാള്‍ മെച്ചമായ വിദ്യാഭ്യാസം നല്‍കും എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍.

35,000 ഡോളറാണ് ട്രംപ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളില്‍നിന്നു വാങ്ങിയത്. ഇക്കാര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളവരോടുപോലും കരുണ കാട്ടിയിരുന്നില്ലെന്നു ഒരു സെയില്‍സ് മാനേജരായിരുന്ന റൊണാള്‍ഡ് ഷനാക്കന്‍ബെര്‍ഗ് പറഞ്ഞു. ഈ നിര്‍ദേശം പാലിക്കാതിരുന്നതിന് തനിക്കു താക്കീത് ലഭിച്ചുവെന്നും സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു ദമ്പതികളില്‍നിന്നും ഈ തുക നിര്‍ബന്ധപൂര്‍വം വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നും ഷനാക്കന്‍ ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു. മാത്രവുമല്ല, കസ്റമര്‍ ആകാന്‍ സാധ്യതയുള്ളവരെ വികാരപരമായി ചൂഷണം ചെയ്യുവാനും സെയില്‍സ്മാന്‍മാരെ ഉദ്ബോധിപ്പിച്ചു.

ജഡ്ജ് ഗൊണ്‍സാലോ പി. ക്യൂരിയലിന്റെ നിര്‍ദേശപ്രകാരം പുറത്തുവിട്ട രേഖകളിലാണ് മുന്‍ ജീവനക്കാരും മുന്‍ വിദ്യാര്‍ഥികളും ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്.

എന്നാല്‍ ജഡ്ജിന്റെ കണ്െടത്തലിനെതിരെയും ട്രംപ് രംഗത്തുവന്നു. 'അയാല്‍ ഡൊണാള്‍ഡ് ട്രംപ് വിരോധിയാണ്. ഒരു മെക്സിക്കനാണെന്നാണ് ഞങ്ങളുടെ വിശ്വാസം' ട്രംപ് പറഞ്ഞു. ജഡ്ജ് ക്യൂരിയല്‍ ഇന്ത്യാനയില്‍ ജനിച്ച മെക്സിക്കന്‍ വംശജനാണ്.

അതേസമയം യൂണിവേഴ്സിറ്റിയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതേ അഭിപ്രായമല്ലെന്നും അവരുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായി ഞങ്ങള്‍ ഉപയോഗിക്കുമെന്നു ട്രംപിന്റെ ഒരു വക്താവായ ഹോപ്പ് ഹിക്സ് പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ഈ രേഖകളും സജീവമായി ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. ട്രംപ് ഇതിനെ എങ്ങനെ നേരിടുമെന്നു കാത്തിരുന്നു കാണാം.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്