'അഴിമതിക്കെതിരായ ജനരോഷമാണ് ഇടതുപക്ഷത്തിനു വിജയം സമ്മാനിച്ചത്'
Thursday, June 2, 2016 5:44 AM IST
റിയാദ്: ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ സമാനതകളില്ലാത്ത അഴിമതിയോടുള്ള അതിശക്തമായ ജനരോഷമാണു നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചതെന്നു നവോദയ മുന്‍സെക്രട്ടറി ഉദയഭാനു. സംഘടനയുടെ മലാസ് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയപാര്‍ട്ടികളെ ശക്തമായി പ്രതിരോധിക്കാനും കേരളത്തിന്റെ മതേതരമനസിനു കഴിഞ്ഞതായി യോഗം വിലയിരുത്തി. ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്തുയര്‍ന്നു കേരളത്തിന്റെ സമഗ്രവികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും ശ്രമിക്കുമെന്നു യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിദ്ദിഖ് അനുശോചന പ്രമേയവും മുരളി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ലത്തീഫും സംഘടനാ റിപ്പോര്‍ട്ട് രവീന്ദ്രനും അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയങ്ങള്‍ സുരേഷ്, ചിക്കുഷാന്‍ എന്നിവര്‍ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം അഹമ്മദ് മേലാറ്റൂര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍