മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീമിനു അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തില്‍ ഒന്നാംസ്ഥാനം
Thursday, June 2, 2016 4:57 AM IST
പോര്‍ട്ട്ലാന്റ്: അന്താരാഷ്ട്ര തലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ റോബോട്ടിക് മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട 'ഹോട്ട് വയര്‍ഡ്' എന്ന ടീം ഉന്നത ബഹുമതിയായ 'വേള്‍ഡ് ഇന്‍സ്പെയര്‍' അവാര്‍ഡിന് അര്‍ഹരായി. പോര്‍ട്ട്ലാന്റിലെ വിവിധ ഹൈസ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 കുട്ടികള്‍ അടങ്ങുന്ന 'ഹോട്ട് വയേര്‍ഡ്' എന്ന ടീമില്‍ നാലു കുട്ടികള്‍ മലയാളികളാണെന്നുള്ളത് അഭിമാനകരമാണ്. ഗോകുല്‍ കോലടി, അലക്സ് തറപ്പേല്‍, ഭരത് നമ്പൂതിരി, അദ്വൈത് നായര്‍ എന്നിവരാണ് മലയാളികളുടെ യശസ് ഉയര്‍ത്തിയ നാലു ചുണക്കുട്ടികള്‍. കൂടാതെ മലപ്പുറം സ്വദേശി കൃഷ്ണന്‍ കോലടിയായിരുന്നു ടീമിന്റെ കോച്ച്. ഏപ്രില്‍ 30നു ലൂയീസില്‍ വച്ചായിരുന്നു അവസാന റൌണ്ട് മത്സരം നടന്നത്.

കുട്ടികള്‍ തന്നെ നിര്‍മ്മിച്ച റോബോട്ടിന്റെ ഡിസൈനിലെ വൈദഗ്ധ്യവും, പ്രവര്‍ത്തനത്തിലെ മികവുമായിരുന്നു അവാര്‍ഡ് നിര്‍ണയത്തിലെ പ്രധാനഘടകം. പ്രാഥമിക മത്സരത്തില്‍ 16 രാജ്യങ്ങളില്‍ നിന്നുമായി 4684 ടീമുകള്‍ പങ്കെടുത്തു. പിന്നീടു വിവിധ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചെത്തിയ 128 ടീമുകളാണ് അവസാന റൌണ്ടില്‍ മത്സരത്തിനുണ്ടായിരുന്നത്.

2014-ല്‍ ഇതേ ടീം നിര്‍മിച്ച റോബോട്ടിനു പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് 2016ലെ മത്സരത്തിറങ്ങിയതും, ഓറിഗണ്‍ സ്റേറ്റിനുതന്നെ അഭിമാനകരമായ 'വേള്‍ഡ് ഇന്‍സ്പെയര്‍' അവാര്‍ഡിന് അര്‍ഹരായതും.

വേള്‍ഡ് റോബോട്ടിക് മത്സരങ്ങളുടെ കോ-ഫൌണ്ടര്‍ വുഡീ ഫ്ളവേഴ്സ് വര്‍ണ്ണാഭമായ ചടങ്ങില്‍ വച്ചു അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പോര്‍ട്ട്ലാന്‍ഡിലെ യുഎസ് കോണ്‍ഗ്രസ് മെമ്പര്‍ സൂസന്‍ ബോണമിസി അവാര്‍ഡിന് അര്‍ഹായ കുട്ടികളെ അഭിനന്ദനം അറിയിച്ചു. കൂടാതെ വിവിധ മലയാളി സംഘടനകളും അഭിനന്ദനം അറിയിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി