സൌദിയില്‍ 14 പേര്‍ക്കു വധശിക്ഷ
Wednesday, June 1, 2016 8:22 AM IST
ദമാം: സൌദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലും പരിസര പ്രദേശങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ വിവിധ കുറ്റ കൃത്യങ്ങള്‍ നടത്തയിതിന്റെ പേരില്‍ 14 പേര്‍ക്കു പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

24 പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തിലെ 14 സ്വദേശികള്‍ക്കാണ് റിയാദിലെ പ്രത്യേക കോടതി വധശിക്ഷ വധിച്ചത്. പ്രതികളായ മറ്റ് ഒന്‍പതു പേര്‍ക്കു മൂന്നു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്.

സര്‍ക്കാരിനെതിരെ സംഘടിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തല്‍, കവര്‍ച്ച, സ്വദേശികളെയും വിദേശികളേയും തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

കൂടാതെ പ്രതികള്‍ രാജ്യത്ത് ഭീതിയും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമിച്ചതായും കോടതി വിധി ന്യായത്തില്‍ പറഞ്ഞു.

ശിക്ഷ ലഭിച്ച പ്രതികളില്‍ പലരും മേഖലയില്‍ ആയുധം കാണിച്ചു കടകളിലും മറ്റു സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം