രമേശ് ചെന്നിത്തലയെ ദമാം ഒഐസിസി അഭിനന്ദിച്ചു
Wednesday, June 1, 2016 8:21 AM IST
ദമാം: കേരള നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും ഒപ്പം പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തലയെ ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി അഭിനന്ദിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ കെഎസ്യു മുതല്‍ പാര്‍ട്ടിയിലെ നിരവധി നേതൃപദവികള്‍ വഹിച്ചിട്ടുള്ള രമേശ് ചെന്നിത്തല ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം വിജയകരമായി നിര്‍വഹിച്ചിട്ടുള്ള നേതാവാണ്. കേന്ദ്രത്തിലും കേരളത്തിലും പാര്‍ട്ടി അധികാരത്തിലില്ലാത്ത സാഹചര്യത്തില്‍ ഭാരിച്ച ഉത്തരവാദിത്വമാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ഏറ്റെടുക്കുന്നത്.

ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ നിയമസഭക്കകത്തും പുറത്തും ശക്തമായെതിര്‍ക്കുന്നതോടൊപ്പം ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ഐക്യജനാധിപത്യ മുന്നണിക്ക് നഷ്ടപ്പെട്ട അധികാരം തിരികെപ്പിടിക്കുവാന്‍ രമേശ് ചെന്നിത്തല പ്രാപ്തനാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്ക് പുറത്തുള്ള വിവിധ കോണ്‍ഗ്രസ് അനുകൂല സംഘടനകളെ ഒഐസിസി എന്ന ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന് നേതൃപരമായ പങ്ക് വഹിച്ച മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ രമേശ് ചെന്നിത്തലക്ക് പ്രവാസി വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുവാന്‍ സാധിക്കുമെന്നത് ഒഐസിസിക്ക് കരുത്തു പകരുമെന്നും ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം