'പുകവലിവിരുദ്ധ കൂട്ടായ്മയില്‍ പങ്കാളികളാവുക'
Wednesday, June 1, 2016 6:09 AM IST
ദോഹ: വ്യക്തികളുടേയും സമൂഹത്തിന്റേയും ആരോഗ്യകരമായ നിലനില്പിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന പുകവലി ഒരു വലിയ സാമൂഹ്യ തിന്മയാണെന്നും അതിനെ പ്രതിരോധിക്കുവാന്‍ എല്ലാ മനുഷ്യ സ്നേഹികളും പുകവലി വിരുദ്ധ കൂട്ടായ്മയില്‍ പങ്കാളികളാവണമെന്നും ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആര്‍. സീതാരാമന്‍ ആവശ്യപ്പെട്ടു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആന്റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെമ്പാടും ലക്ഷക്കണക്കിനാളുകള്‍ പുകവലിയുമായി ബന്ധപ്പെട്ട് വര്‍ഷം തോറും മരിക്കുന്നു. അതിലുമധികമാളുകള്‍ പുകയില ഉപഭോഗമുള്ള രോഗങ്ങള്‍ക്ക് വിധേയരാകുന്നു. ശക്തമായ ബോധവത്കരണ പരിപാടികളുമായി പൊതുജനകൂട്ടായ്മകള്‍ രംഗത്തുവരുന്നതിലൂടെ മാത്രമേ ഈ രംഗത്ത് ആശാവഹമായ മാറ്റമുണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിനും പണത്തിനും പ്രകൃതിക്കുമൊക്കെ ദുരന്തം സമ്മാനിക്കുന്ന പുകവലിയുടെ മാരക വിപത്തുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിചേരാന്‍ ദോഹാ ബാങ്ക് ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസിനോട് അദ്ദേഹം ആഹ്വാനം ചെയ്തു.

വിവിധ ഏഷ്യന്‍ സ്കൂളുകളില്‍നിന്നുളള നിരവധി വിദ്യാര്‍ഥികള്‍ അണി നിരന്നപ്പോള്‍ ഇന്റര്‍ സ്കൂള്‍ മല്‍സരങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതായി. പുകവലിക്കാരായിരുന്ന പല രക്ഷിതാക്കളും പുകവലി വിരുദ്ധ പ്രതിജ്ഞയെടുത്താണ് വേദി വിട്ടത്. മത്സരത്തില്‍നിന്നു തെരഞ്ഞെടുത്ത പെയിന്റിംഗുകളുടെ പ്രദര്‍ശനം പരിപാടിക്കു മാറ്റുകൂട്ടി.

ആന്റി സ്മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി, സിഇഒ അമാനുല്ല വടക്കാങ്ങര, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ക്വാളിറ്റി ലാബ് ജനറല്‍ മാനേജര്‍ ജോസി മത്തായി, സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, ഡോ. ബേനസീര്‍ ലത്തീഫ് നാസര്‍ എന്നിവര്‍ സംസാരിച്ചു. സെപ്രോടെക് മാനേജിംഗ് ഡയറക്ടര്‍ ജോസ് ഫിലിപ്പ്, സ്റാര്‍ കാര്‍ ആക്സസറീസ് മാനേജിംഗ് ഡയറക്ടര്‍ നിഅ്മതുല്ല കോട്ടയ്ക്കല്‍, വടക്കാങ്ങര നുസ്റതുല്‍ അനാം ട്രസ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, ബ്രദേഴ്സ് ട്രേഡിംഗ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആശിക് മുഹമ്മദലിയും അതിഥികളും ചേര്‍ന്ന് മല്‍സര വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഖത്തറിലെ വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്റര്‍സ്ക്കൂള്‍ പെയിന്റിംഗ് മത്സരത്തില്‍ ഓവറോള്‍ കിരീടം നേടിയ ഡിപിഎസ് എംഐഎസ് സ്കൂള്‍ ആര്‍ട്ട് ടീച്ചര്‍ അമിത് കുമാര്‍ ചക്രവര്‍ത്തി,ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആര്‍. സീതാരാമനില്‍ നിന്നും ഏറ്റുവാങ്ങി.

ആന്റി സ്മോക്കിംഗ് സൊസൈറ്റി നിര്‍വാഹക സമിതി അംഗങ്ങളായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, അഫ്സല്‍ കിളയില്‍, ഷറഫുദ്ദീന്‍ തങ്കയത്തില്‍, ജൌഹറലി വടക്കാങ്ങര, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, സിയാഹുറഹ്മാന്‍, സൈദലവി അണ്േടക്കാട്, ഷബീറലി കൂട്ടില്‍, ജോജിന്‍ മാത്യു, മാത്യു തോമസ്, നിഥിന്‍ തോമസ്, ഖാജാ ഹുസന്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.