പ്രഫ. സണ്ണി എ. മാത്യൂസ് ബര്‍ഗന്‍ കൌണ്ടി ഏഷ്യന്‍ അമേരിക്കന്‍ അഡ്വൈസറി കമ്മിറ്റിയില്‍
Wednesday, June 1, 2016 6:03 AM IST
ന്യൂജേഴ്സി: ബര്‍ഗന്‍ കൌണ്ടിയുടെ നിയമനിര്‍മാണ സഭയുടെ അംഗങ്ങള്‍ (ആീമൃറ ീള ഇവീലിെ എൃലലവീഹറലൃ) പ്രഫ. സണ്ണി എ. മാത്യൂസിനെ ഏഷ്യന്‍ അമേരിക്കന്‍ അഡ്വൈസറി കമ്മിറ്റിയംഗമായി നിയമിച്ചു. മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. കൌണ്ടി എക്സിക്യൂട്ടീവ് ജയിംസ് ടെഡസ്കോ നാമനിര്‍ദ്ദേശം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

കോട്ടയം സിഎംഎസ് കോളജില്‍ ഇംഗ്ളീഷ് വിഭാഗത്തില്‍ പ്രഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടുകളായി അമേരിക്കയിലെ ന്യൂജേഴ്സിയിലെത്തിയിട്ട്. മലയാളിസമൂഹത്തില്‍ സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വത്തിനുടമയാണ് പ്രഫ. സണ്ണി മാത്യൂസ്. ന്യൂജേഴ്സിയിലെ പ്രഥമ എക്യുമെനിക്കല്‍ പ്രസ്ഥാനമായ ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റായും ഡബ്ള്യുഎംസി അമേരിക്ക റീജണ്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സ്പ്രിംഗ് വാലി ഗ്രേയ്സ് അസംബ്ളി ഓഫ് ഗോഡ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചതിനുശേഷം അദ്ദേഹം അസംബ്ളീസ് ഓഫ് ഗോഡ് സഭയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചുവരുന്നു.

ഭാര്യ: സൂസന്‍. മക്കള്‍: സ്മിത, സ്നേഹ, സൌമ്യ.

ബര്‍ഗന്‍ കൌണ്ടിയില്‍ അനുദിനമെന്നോണം വര്‍ധിച്ചുവരുന്ന ഏഷ്യന്‍ വംശജരെ കൌണ്ടിയുടെ വിവിധ പ്രവര്‍ത്തനമേഖലകളുമായി ബന്ധപ്പെടുത്തുക, അവരുടെ സാംസ്കാരിക വൈവിധ്യം അംഗീകരിച്ചുകൊണ്ട് അവരുടെ കഴിവുകള്‍ പൊതു സമൂഹത്തിനു പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഏഷ്യന്‍ അമേരിക്കന്‍ അഡ്വൈസറി കമ്മിറ്റികൊണ്ട് ഉദ്ദേശിക്കുന്നത്. ബന്‍ഗന്‍ കൌണ്ടിയില്‍ 13,5000 ഏഷ്യന്‍ വംശജരാണുള്ളത്. കൊറിയന്‍ അമേരിക്കാരുടെ തൊട്ടു പിന്നിലായി 25000 വരുന്ന ഇന്ത്യക്കാരാണ് ജനസംഖ്യയില്‍ മുമ്പിലുള്ളത്. ഗവണ്‍മെന്റ്, ആരോഗ്യപരിപാലനം, നീതിന്യായം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള എല്ലാ പ്രധാന മേഖലകളിലും ഏഷ്യന്‍ വംശജരുടെ സാന്നിധ്യവും സംഭാവനകളും ശ്രദ്ധേയമാണ്.

യുഎസ് കോണ്‍ഗ്രസ് തീരുമാനമനുസരിച്ച് 1980 മുതല്‍ എല്ലാ മേയ് മാസവും അമേരിക്കയിലുടനീളം ഏഷ്യനമേരിക്കന്‍ പാസഫിക് ഐലന്‍ഡര്‍ മാസമായി ആചരിച്ചു വരുന്നു. കൊറിയക്കാര്‍, ഇന്ത്യക്കാര്‍, ഫിലിപ്പിനോ, ജപ്പാന്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങയ ഏഷ്യന്‍ വംശജരെ മുഖ്യധാരയുമായി ബന്ധപ്പെടുത്തുവാനും അവരുടെ പാരമ്പര്യത്തെ ഉള്‍ക്കൊളളുവാനും ആഘോഷിക്കുവാനും ബര്‍ഗന്‍ കൌണ്ടി പ്രത്യേകം താത്പര്യമെടുക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍