'പ്രവാസിപ്രശ്നങ്ങളില്‍ ഭരണകൂടങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാവണം'
Wednesday, June 1, 2016 6:01 AM IST
ദമാം: പ്രവാസ മേഖലകളില്‍ പൊതുവായും ഗള്‍ഫ് നാടുകളില്‍ പ്രത്യേകമായും ഇന്നു നിലനില്ക്കുന്ന അരക്ഷിതാവാസ്ഥ മറ്റേത് കാലത്തേക്കാളും രൂക്ഷമാണ്. എണ്ണ വിലയിടിവിന്റെ ഫലമായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഒരു തിരിച്ചു പോക്കിന്റെ ആശങ്കയിലാണ് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി സമൂഹം. തിരിച്ചുപോകേണ്ടി വരുന്ന പ്രവാസികളുടെ പുനരധിവാസം അടിയന്തര പ്രാധാന്യമുള്ള വിഷയമായി കണ്ട് വിവിധങ്ങളായ പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ അധികാരികള്‍ തയാറാകണമെന്നു ദമാമില്‍ സമാപിച്ച നവോദയ സാംസ്കാരിക വേദിയുടെ ഏഴാം കേന്ദ്ര സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ഭരണകൂടം ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. പ്രവാസി വകുപ്പു മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതും പ്രവാസിവിഷയത്തില്‍ ധനമന്ത്രി നടത്തിയ പ്രസ്താവനയും പ്രവാസികള്‍ക്കു പ്രതീക്ഷ നല്കുന്നുണ്ട്.

മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ഒരു തിരിച്ചുപോക്കിന്റെ വക്കില്‍ നില്‍ക്കുന്ന പ്രവാസികളുടെ പുനരധിവാസവും സാധ്യമാക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും ഉയര്‍ത്തിക്കൊണ്ടു വരാന്‍ പ്രവാസി സമൂഹവും ഭരണകൂടങ്ങളും മുന്നോട്ടു വരണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.

റിയാദ് കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജിസാന്‍ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ രക്ഷാധികാരി ഡോ.മുബാറക് സാനി, തബൂക് മാസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് മാത്യു, പ്രദീപ് പൂത്തട്ട, എം.ഡി. ജുബൈല്‍ മെഡിക്കല്‍ സെന്റര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സുധീഷ് തൃപ്രയാര്‍ വരവു ചെലവും കണക്കും അവതരിപ്പിച്ചു. സിദ്ദീഖ് കല്ലായി, ഹനീഫ മൂവാറ്റുപുഴ, പവനന്‍ മൂലക്കീല്‍, ഹനീഫ തലശേരി എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. ജുബൈല്‍ കുടുംബവേദിയുടെ അവതരണ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ റഷീദ് പട്ടണത്ത്, ആസാദ് തിരൂര്‍, ബഷീര്‍ വരോട്, എം.എം.നഈം, പ്രദീപ് കൊട്ടിയം, ഇ.എം. കബീര്‍ എന്നിവര്‍ സംസാരിച്ചു. എണ്‍പത്തി മൂന്നു പേരടങ്ങുന്ന കേന്ദ്ര കമ്മിറ്റിയേയും 29 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം