ബര്‍ഗന്‍ കൌണ്ടി ഏഷ്യന്‍ അമേരിക്കന്‍ പൈതൃകമാസാചരണം വര്‍ണാഭമായി
Wednesday, June 1, 2016 4:23 AM IST
ഹാക്കന്‍സാക്ക്, ന്യൂജേഴ്സി: ഏഷ്യനമേരിക്കന്‍ പൈതൃക മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ബര്‍ഗന്‍ കൌണ്ടി ആസ്ഥാനമായ ഹാക്കന്‍സാക്കില്‍ മേയ് 26 -നു നടന്ന ആഘോഷം ആസ്വാദ്യവും പ്രചോദനദായകവുമായിരുന്നു. ചടങ്ങില്‍ ബര്‍ഗന്‍ കൌണ്ടിയിലെ പ്രോസിക്യൂട്ടറായി പുതുതായി നിയമതിനായ ഇന്ത്യന്‍ വംശജനായ ഗുര്‍ബീര്‍ സിംഗ് ഗ്രെവാള്‍ ചെയ്ത മുഖ്യ പ്രഭാഷണം ഇന്ത്യക്കാര്‍ക്കെന്നല്ല, എല്ലാ ഏഷ്യന്‍ വംശജര്‍ക്കും അഭിമാന നിമിഷങ്ങളായിരുന്നു.

ബര്‍ഗന്‍ കൌണ്ടിയിലെ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം ഏഷ്യന്‍ വംശജരടക്കം ഒരു ദശലക്ഷത്തോളം വരുന്ന ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബര്‍ന്‍ കൌണ്ടി എക്സിക്യൂട്ടീവ് ജയിംസ് ടെഡസ്ക്കോ തന്റെ ആമുഖ പ്രസംഗത്തില്‍ ഏഷ്യന്‍ അമേരിക്കന്‍ പൈതൃക മാസാചരണത്തന്റെ ഭാഗമായി ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്െടന്നും എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. ഏഷ്യന്‍ അമേരിക്കന്‍ സമൂഹം ബര്‍ഗന്‍ കൌണ്ടിയിലെയെന്നല്ല, അമേരിക്കയിലുടനീളം ശക്തമായ സ്വാധീനവും സാന്നിധ്യവുമാണെന്നും സമൂഹത്തിന്റെ വിവിധ തുറകളില്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ഏഷ്യന്‍ അമേരിക്കയിലേക്കുള്ള ഏഷ്യന്‍ വംശജരുടെ കുടിയേറ്റത്തിനു നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളതെന്നും ഏറ്റവുമാദ്യത്തെ കുടിയേറ്റം ഫിലിപ്പിനോ അമേരിക്കക്കാരുടേതാണെന്നും അതു 1763ല്‍ ന്യൂ ഓര്‍ലിയന്‍സിലായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വിവിധ കാരണങ്ങളാല്‍ അടുത്ത രണ്ടര ശതാബ്ദങ്ങളില്‍ അമേരിക്കയിലേക്കു കുടിയേറിയ ഏഷ്യന്‍ വംശജരുടെ സംഖ്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടായതെന്നും അമേരിക്കയിലെത്തിയ ഏഷ്യന്‍ വംശജര്‍ തങ്ങള്‍ക്കും ഭാവി തലമുറയ്ക്കും ശോഭനമായ ഒരു ജീവിതം പടുത്തുയര്‍ത്തുന്നതിനു കഠിനാധ്വാനം ചെയ്യുകയും അതോടൊപ്പംതന്നെ അമേരിക്കയുടെ നിര്‍മാണ പ്രക്രിയയില്‍ നിര്‍ണായകമായ പങ്കുവഹിക്കുകയും ചെയ്തുവെന്നും ട്രാന്‍സ് അമേരിക്കന്‍ റെയില്‍ റോഡ് ഇതിനൊരു ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷണം നടത്തിയത് ബര്‍ഗന്‍ കൌണ്ടിയുടെ പ്രോസിക്യൂട്ടറായി ഗവര്‍ണര്‍ ക്രിസ് ക്രിസ്റി നിയമിച്ച ഗുര്‍ബീര്‍ സിംഗ് ഗ്രേവാളായിരുന്നു. പ്രചോദനദായകമായ തന്റെ പ്രസംഗത്തില്‍ അമേരിക്കയില്‍ ഏഷ്യന്‍ വംശജരുടെ സംഭാവനകളെയും വര്‍ധിതമായിക്കൊണ്ടിരിക്കുന്ന അവരടെ സ്വാധീനത്തെയും ഭാവിയില്‍ നാം നേരിടുന്ന വെല്ലുവിളികളെയും സാധ്യതകളെയും അയത്നലളിതമായ ശൈലിയില്‍ അദ്ദേഹം പ്രതിപാദിച്ചു. ന്യൂജേഴ്സി സംസ്ഥാനത്ത് ഏഷ്യന്‍ വംശജരുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തോളമാണെന്നും ബര്‍ഗന്‍ കൌണ്ടിയില്‍ത്തന്നെ 1,35,000 ഏഷ്യന്‍ വംശജര്‍ ഉണ്െടന്നുള്ളതും നമ്മുടെ ശക്തിയെക്കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, രാഷ്ട്രീയം എന്നിങ്ങനെയുള്ള മേഖലകളില്‍ നമ്മുടെ പങ്കാളിത്തം ഇന്ന് നിര്‍ണ്ണായകമായിരിക്കുകയാണെന്നും ഏഷ്യന്‍ വംശജരില്‍ ഉയര്‍ന്ന പദവികളെത്തിയവരില്‍ പ്രോസിക്യൂട്ടര്‍മാര്‍, ജഡ്ജികള്‍, ഗവര്‍ണര്‍മാര്‍ എന്നിവരെല്ലാം പെടുമെന്നും. ഗവര്‍ണ്ണര്‍മാരായ നിഖി ഹേലി, ബോബി ജിണ്ടാല്‍ എന്നിവര്‍ നമ്മുടെ അഭിമാനമാണെന്നും, സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി, അതുപോലെ പ്രശസ്തനായ സിഎന്‍എന്നിലെ ഡോ. സഞ്ജെയ് ഗുപ്ത എന്നിവര്‍ മെഡിക്കല്‍ രംഗത്ത് ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ യശസ്സുയര്‍ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടങ്ങളുടെ പിന്നില്‍ അവരുടെ വ്യക്തിപരമായ കഠിനാധ്വാനത്തിന്‍റെയും അവരുടെ മാതാപിതാക്കളുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റേയും അനുഭവങ്ങളുടെയും കഥകളും ഉണ്െടന്നും അദ്ദേഹം വിവിധ ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടി. തന്റെ വ്യക്തിപരമായ സാഹചര്യങ്ങളും അദ്ദേഹം സദസുമായി പങ്കിട്ടു. വെറുംകയോടെ ന്യൂജേഴ്സിയിലെത്തിയ തന്റെ മാതാപിതാക്കള്‍ക്ക് സഹിക്കേണ്ടിവന്ന യാതനകളും ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചു. പഞ്ചാബ് സംസ്ഥാനത്തുനിന്ന് അക്കാലത്ത് എഞ്ചിനീയറിംഗില്‍ ഉയര്‍ന്ന ബിരുദം കൈമുതലായിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിനു അതനുസരിച്ചുള്ള ജോലി ലഭിക്കുന്നത് അക്കാലത്ത് അസാധ്യമായിരുന്നു. ഒന്നിലധികം ഫാക്ടറികളില്‍ തുച്ഛമായ വരുമാനത്തില്‍ പണിയെടുത്താണ് അദ്ദേഹം കുടുംബം പുലര്‍ത്തിയത്. വേഷവും രൂപവും നിറവുമെല്ലാമായിരുന്നു പ്രതിബന്ധം. ഇന്നും സമൂഹത്തില്‍നിന്നും ഇത് തീര്‍ത്തും അപ്രത്യക്ഷമായിട്ടില്ലെന്നും നാമിവിടെ നേരിടുന്ന ചില തിക്താനുഭവങ്ങളാണ് തനിക്ക് പൊതുജനസേവനരംഗത്ത് കടന്നുവരുവാനുള്ള പ്രേരകഘടകമായി വര്‍ത്തിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ മുന്നേറുകയും രാഷ്ട്രീയവും സാമൂഹ്യവുമായ രംഗങ്ങളില്‍ നമ്മുടെ അര്‍ഹമായ സ്ഥാനത്തിനുവേണ്ടി നിലപാടെടുക്കുകയും പ്രത്യേകിച്ചും രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാവുകയും ഭാവി തലമുറയെ അതിനുവേണ്ടി പ്രോത്സാഹിപ്പിക്കുകയും സജ്ജരാക്കുകയും വേണമെന്നും അദ്ദേഹം ഏഷ്യന്‍ വംശജരെ ഓര്‍മ്മപ്പെടുത്തി. ഇന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഒരു ഡസനിലധികം ഏഷ്യന്‍ വംശജര്‍ അംഗങ്ങളായുണ്െടന്നും കോണ്‍ഗ്രസിലെ ആദ്യത്തെ ഏഷ്യന്‍ വംശജന്‍ പഞ്ചാബില്‍ നിന്നും കാലിഫോര്‍ണിയയില്‍ കുടിയേറിയ ദലീപ് സിങ്ങ് സോന്ദ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികളെ അധിജീവിച്ചാണ് 1955 ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ അംഗമായതെന്നും അനാരോഗ്യമാണ് പിന്നീട് അദ്ദേഹത്തെ കാമ്പയിനില്‍നിന്നു പിന്‍മാറാന്‍ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മേയ് 26 ബര്‍ഗന്‍ കൌണ്ടിയില്‍ ഏഷ്യന്‍ അമേരിക്കന്‍ ദിനമായി പ്രഖ്യാപിക്കപ്പെട്ടു. വിവിധ തുറകളിലുള്ള സംഭാവനകളെ കണക്കിലെടുത്ത് പ്രമുഖ ഏഷ്യന്‍ വംശജരെ അവാര്‍ഡു നല്‍കി ആദരിക്കുകയും ചെയ്തു. പ്രധാന ഏഷ്യന്‍ സമൂഹങ്ങളെ പ്രതിനിധീകരിച്ച് ഫിലിപ്പിനോ, ചൈനീസ്, ഇന്ത്യന്‍, കൊറിയന്‍ സംഘങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമുള്ള നൃത്തങ്ങള്‍ ചടങ്ങിനു കൊഴുപ്പേകി. ഇന്ത്യയെ പ്രതിനിധീകരിച്ചത് ബിന്ദ്യ പ്രസാദിന്റെ നേതൃത്വത്തിലുള്ള മയൂര സ്കൂള്‍ ഓഫ് ഡാന്‍സ് ആയിരുന്നു.

ടി. എസ്. ചാക്കോയ്ക്ക് ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡ്



ടി.എസ്. ചാക്കോയ്ക്ക് ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡ്. ബര്‍ഗന്‍ കൌണ്ടിയിലെ ഏഷ്യന്‍ അമേരിക്കാര്‍ക്കു വിവിധ മേഖലകളിലെ സംഭാവകളെ അധികരിച്ച നല്‍കിയ അവാര്‍ഡുകളിലൊന്നാണു ടി.എസ്. ചാക്കോയെ തേടിയെത്തിയത്. മേയ് 26ന് ഏഷ്യന്‍ അമേരിക്കന്‍ മാസാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആഘോഷപരിപാടിയിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. ബര്‍ഗന്‍ കൌണ്ടി എക്സിക്യൂട്ടീവ് ജിം ടെഡസ്ക്കോയില്‍നിന്നും ടി. എസ്. ചാക്കോ അവാര്‍ഡ് സ്വീകരിച്ചു. കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ സ്ഥാപക പ്രസിഡന്റും ആയുഷ്ക്കാല രക്ഷാധികാരിയുമായ ടി. എസ്. ചാക്കോ ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ആണ്. സാമൂഹ്യസേവനം ജീവിതവ്രതമായി എടുത്തിട്ടുള്ള അദ്ദേഹം അമേരിക്കയിലും കേരളത്തിലും ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനേകര്‍ക്ക് കൈത്താങ്ങായിട്ടുണ്ട്. അമേരിക്കന്‍ മുഖ്യധാരയില്‍നിന്നു ലഭിക്കുന്ന ഈ അംഗീകാരം തന്നെ കൂടുതല്‍ കര്‍മനിരതനാക്കുന്നുവെന്നു ടി. എസ്. ചാക്കോ പറഞ്ഞു.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍